ജോലിക്കുനിന്ന വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചു ; യുവതി അറസ്റ്റില്‍
പേരൂര്‍ക്കട: ജോലിക്കുനിന്ന വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ യുവതിയെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പുതുകുളങ്ങര കൊങ്ങണം കല്ലൂര്ത്തല വീട്ടില്‍ എ.എസ്. അജിതയെ (35)യാണ് പൊലീസ് പിടികൂടിയത്.
പേരൂര്‍ക്കട കുടപ്പനക്കുന്ന് ചെട്ടിവിളാകം സമിഥിനഗര് എസ്.എഫ്.എസ് ഫ്ളാറ്റ് നമ്പര്‍ ഒന്ന് എ യില്‍ താമസിക്കുന്ന ഉത്തരേന്ത്യൻ സ്വദേശിനി ഷെന്‍സ സിങ്ങിന്റെ വീട്ടിലായിരുന്നു അജിത ജോലിക്ക് നിന്നിരുന്നത്. സെപ്റ്റംബർ 12നും 14നും ഇടക്കായിരുന്നു മോഷണമെന്നാണ് പരാതിക്കാരി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
ഏകദേശം 12 ഗ്രാം വീതം വരുന്ന മൂന്ന് ഡയമണ്ട് മോതിരങ്ങള്‍, 12 ഗ്രാം വീതം വരുന്ന രണ്ട് സ്വര്‍ണമോതിരങ്ങള്‍, 40 ഗ്രാം തൂക്കം വരുന്ന താലിമാല എന്നിവ ഉള്‍പ്പെടെ 88 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. ഇവക്ക് 6,00,000 രൂപ വിലമതിക്കുന്നു. പേരൂര്‍ക്കട എസ്.എച്ച്.ഒ പ്രൈജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.