തൃശ്ശൂരിൽ രണ്ട് കോടിയുടെ സ്വർണാഭരണ തട്ടിപ്പ് കേസ് ; മുഖ്യ പ്രതി പിടിയിൽ
തൃശൂർ: ഒന്നര കോടിയിലധികം രൂപയുടെ സ്വർണാഭരണ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയെ മഹാരാഷ്ട്രയിൽനിന്ന് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. എറണാകുളം സ്വദേശിയിൽനിന്ന് ഹാൾമാർക്ക് ചെയ്യിക്കാൻ വാങ്ങിയ 1.80 കോടിയിലധികം രൂപ വിലവരുന്ന 2255.440 ഗ്രാം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ തൃശൂർ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ ചക്രമാക്കിൽ വീട്ടിൽ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി വിശ്വാസ് രാമചന്ദ്രൻ കദം (34) ആണ് പിടിയിലായത്.
ഏപ്രിലിലാണ് എറണാകുളം സ്വദേശി ഹാൾമാർക്ക് ചെയ്യിക്കാൻ പല തവണയായി 2255.440 ഗ്രാം സ്വർണാഭരണം നൽകിയത്. എന്നാൽ, ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളോ പണമോ തിരിച്ചുനൽകാതെ വന്നപ്പോൾ ജൂണിൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഏപ്രിലിനുശേഷം പ്രതി ഒളിവിലായിരുന്നു.
ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. സുജിത്തും തുടർന്ന് ഇൻസ്പെക്ടർ എം.ജെ. ജിജോയും നടത്തിയ അന്വേഷണം പിന്നീട് തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം സിറ്റി ക്രൈം ബ്രാഞ്ചിന് കൈമാറി.
ക്രൈം ബ്രാഞ്ച് അന്വേഷണസംഘം സാംഗ്ലി ജില്ലയിലെത്തി മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. ക്രൈം ബ്രാഞ്ച് അസി. പൊലീസ് കമീഷണർ വൈ. നിസാമുദ്ദീൻ നേതൃത്വം നൽകിയ സംഘത്തിൽ സബ് ഇൻസ്പെക്ടർ വി.കെ. സന്തോഷ്, അസി. സബ് ഇൻസ്പെക്ടർ ജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.