സ്വർണ്ണ പണയ സ്ഥാപനയുടമയെ ബൈക്കിടിച്ച് വീഴ്ത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍
bike

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ സ്വർണ്ണ പണയ സ്ഥാപനയുടമയായ വയോധികനെ ബൈക്കിടിച്ച് വീഴ്ത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കേസിലെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീൻ (28), കോട്ടുകാൽ തുണ്ടുവിള വീട്ടിൽ  വിനീത് (34), കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ (23) എന്നിവരാണ് പിടിയിലായത്. വിഴഞ്ഞം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം.

ഉച്ചക്കട ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുക്യതാ ഫൈനാൻസ് നടത്തുന്ന കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിൽ പദ്മകുമാറിൽ (60) നിന്നാണ് സംഘം പണവും സ്വർണ്ണവുമടങ്ങിയ ബാഗ് തട്ടിയെടുത്തത്.

വട്ടവിള ജങ്ഷനിലെ സ്വർണ്ണ പണയ സ്ഥാപനം പൂട്ടിയ ശേഷം ജ്യേഷ്ഠസഹോദരനായ മോഹൻകുമാറിനൊപ്പം തൊട്ടകലെയുളള വീട്ടിലേക്ക് നടന്നു പോകവെയായിരുന്നു ആക്രമണം. ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വർണ്ണ പണയ ഉരുപ്പടികളും മൂന്നേമുക്കാൽ ലക്ഷം രൂപയുമാണ് സംഘം തട്ടിയെടുത്തത്.  ഇവരുടെ കാര്‍ പോലീസ് പിടിച്ചെടുത്തു. കവർച്ച ചെയ്ത മുതലിൽ കുറച്ച് സ്വർണ്ണവും പണവും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കവർച്ച പണമുപയോഗിച്ച് പ്രതികളിലൊരാളായ ഗോകുൽ 10000 രൂപ നൽകി പണയമെടുത്ത ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൂട്ടാളികളായ ചിലരെ കൂടി  പിടികൂടാനുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

അഞ്ച് പേരാണ് കവർച്ച സംഘത്തിലുള്ളതെന്നാണ് പോലീസ് പറയുന്നത്. മുഖ്യപ്രതിയായ നവീന് പെൺവാണിഭം, കൊലപാതകം അടക്കമുളള നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഫോർട്ട് അസി.കമ്മീഷണർ എസ്. ഷാജി,വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ കെ.എൽ സമ്പത്ത്, ജി. വിനോദ്, ലിജോ പി. മണി, പ്രസാദ്, സീനിയർ സി.പി.ഒ സെൽവരാജ്, സി.പി.ഒ പ്രകാശ്, രാമു, ലജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

Share this story