അട്ടപ്പാടിയിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശമദ്യം എക്സൈസ് പിടികൂടി
മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് കടത്താന്‍ ശ്രമിച്ച 110 ലിറ്റര്‍ വിദേശമദ്യം മണ്ണാര്‍ക്കാട് എക്സൈസ് പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റൊരാള്‍ രക്ഷപ്പെട്ടു. മദ്യം കടത്താനുപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി കള്ളമല ചിമ്മിനിക്കാട് വീട്ടില്‍ മനു (30) ആണ് പിടിയിലായത്. സുഹൃത്തും കള്ളമല സ്വദേശിയുമായ വിത്സന് ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ കാഞ്ഞിരപ്പുഴ കാഞ്ഞിരത്തുവെച്ചാണ് സംഭവം.
എക്സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് റേഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധന നടത്തിയത്. എക്സൈസിന്റെ വാഹനം കണ്ടതോടെ നിര്‍ത്താതെ പോയ കാറിനേയും ബൈക്കിനേയും സംഘം പിന്തുടരുകയും കാറിലുണ്ടായിരുന്ന മനുവിനെ സാഹസികമായി പിടികൂടുകയുമായിരുന്നു.
ബൈക്കും കൈവശമുണ്ടായിരുന്ന ബാഗും ഉപേക്ഷിച്ച് വിത്സന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിലും ബൈക്കിലുമുണ്ടായിരുന്ന ബാഗുകളില്‍നിന്ന് മദ്യം കണ്ടെടുത്തു.
അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയ ഇവര്‍ മുമ്പും പിടിയിലായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണക്കാലമായതിനാല്‍ മദ്യം വന്‍തോതില്‍ അട്ടപ്പാടി ഊരുകളിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അസി. ഇന്‍സ്പെക്ടര്‍ ബഷീര്‍ക്കുട്ടി, എക്സൈസ് ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ എ. ഹംസ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷിബിന്‍ ദാസ്, അശ്വന്ദ്, ഡ്രൈവര്‍ അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.