കോട്ടയത്ത് എക്‌സൈസ് പരിശോധന ശക്തം;ഒരാഴ്ചയ്ക്കിടെ പിടിച്ചത് 5.5 കിലോ കഞ്ചാവ്

google news
excise1

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയതോടെ ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് 5.53 കിലോഗ്രാം കഞ്ചാവ്. 27 അബ്കാരി കേസുകളിലായി 26 പേരെയും 23 എൻ.ഡി.പി.എസ്. കേസുകളിലായി 24 പേരെയും അറസ്റ്റ് ചെയ്തു. 

36.220 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 35 ലിറ്റർ ബിയർ, 5.536 കിലോഗ്രാം കഞ്ചാവ്, 0.263 ഗ്രാം എം.ഡി.എം.എ., ഒരു വാഹനം എന്നിവ പിടിച്ചെടുത്തു. ഫെബ്രുവരി ഒന്നു മുതൽ എഴുവരെ ജില്ലയിൽ  204 റെയ്ഡുകൾ നടത്തി. 

75 കോട്പ കേസെടുത്തു. 120 കള്ളുഷാപ്പുകളും അഞ്ച് വിദേശമദ്യ വിൽപന ശാലയും  നാല് ബാറുകളും 407 വാഹനങ്ങളും പരിശോധിക്കുകയും മദ്യത്തിന്റെ സാമ്പിൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായും  വാഹന പരിശോധനകളും റെയ്ഡുകളും വ്യാപകമാക്കുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
 

Tags