ലഹരിമരുന്നുമായി പിടിയിലായ വിദേശി റിമാൻഡില്‍

google news
jail

കൊല്ലം: വിസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തങ്ങുകയും ലഹരിമരുന്നുമായി പിടിയിലാകുകയും ചെയ്ത വിദേശിയെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം റിമാൻഡ് ചെയ്തു. ഒമാന്‍ പൗരനായ അഹമ്മദ് മുഹമ്മദ് മുസ്തഫ (37)യെയാണ് ഈസ്റ്റ്‌ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇയാളില്‍ നിന്ന് 8.540 ഗ്രാം കറുപ്പ്, 2.550 എം.ഡി.എം.എ എന്നിവ കണ്ടെത്തിയിരുന്നു.

കഴിഞ്ഞദിവസമാണ് കൊല്ലത്തെ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് വിസകാലാവധി തീര്‍ന്നതിന്‍റെ പേരില്‍ ഇയാളെ ഈസ്റ്റ്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിൽവെച്ച് പൊലീസിനെ കണ്ട ഇയാള്‍ രക്ഷപ്പെടുന്നതിനായി ആത്മഹത്യാഭീഷണി മുഴക്കുകയും സ്വയം തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നടത്തിയ ശേഷം നടത്തിയ വിശദ പരിശോധനയിലാണ് ഇയാളില്‍നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

ഇയാള്‍ക്കെതിരെ ഫോറിനേഴ്‌സ് ആക്ട്, എന്‍.ടി.പി.എസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ കൊല്ലം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സബ് ജയിലിലേക്ക് മാറ്റി.

Tags