അറേബ്യൻ കടലിൽ നിന്ന് മയക്കുമരുന്ന് പിടികൂടി


മനാമ: അറേബ്യൻ കടലിൽ നിന്ന് 260 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത ദൗത്യ സേന (സി.ടി.എഫ് 150). സേനയുടെ പരിശോധനക്കിടെ ഒരു കപ്പലിൽ നിന്ന് 200 കിലോ മെത്താംഫെറ്റാമിനും 60 കിലോ ഹെറോയിനുമാണ് പിടിച്ചെടുത്തത്. അറേബ്യൻ കടലിന്റെ പല പ്രദേശങ്ങളും നിയമാനുസൃതമായ മത്സ്യബന്ധന, വ്യാപാര കപ്പലുകൾകൊണ്ട് സമൃദ്ധമാണ്.
അതുകൊണ്ട് തന്നെ മയക്കുമരുന്ന് പോലുള്ള നിയംലഘന കള്ളക്കടത്തുകൾക്ക് സാധ്യതയേറെയുമാണ്. അവരെ തിരിച്ചറിയേണ്ടതും കണ്ടെത്തേണ്ടതും പ്രധാനമാണെന്നും സി.ടി.എഫ് 150 ഡെപ്യൂട്ടി കമാൻഡറും റോയൽ ന്യൂസിലൻഡ് ക്യാപ്റ്റനുമായ ഡേവ് ബാർ പറഞ്ഞു.
അതേസമയം കഴിഞ്ഞ മാസം സി.ടി.എഫ് 150ന്റെ നേതൃത്വത്തിൽ അറേബ്യൻ കടലിൽ നിന്ന് 2400 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു. സംയുക്ത ദൗത്യസേന 150 (സി.ടി.എഫ് 150) എന്നത് 34 രാജ്യങ്ങളുടെ സഖ്യമായ സംയുക്ത മാരിടൈം ഫോഴ്സസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്രീയ സഖ്യ നാവിക ടാസ്ക് ഫോഴ്സാണ്. ബഹ്റൈനിലാണ് ഇതിന്റെ ആസ്ഥാനം.
