മോഷണത്തിനെതിരെ പരാതി നൽകിയ പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
Oct 1, 2024, 18:51 IST
ഉത്തർപ്രദേശിൽ സൂര്യാവ പ്രദേശത്തുള്ള പുരാതന ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വർഷങ്ങൾക്കു മുമ്പ് ബിഹാറിൽ നിന്നെത്തിയ പൂജാരി സീതാറാം (75) ആണ് കൊല്ലപ്പെട്ടത്.
ക്ഷേത്രപരിസരത്ത് മോഷണം, അനാശാസ്യം എന്നിവയെ കുറിച്ച് പൂജാരി നിരവധി തവണ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബവാൻ ബിഘ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്നും പൂജാരി ക്ഷേത്രവളപ്പിലെ മുറിയിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ചിലർ ആരാധനക്കായി ക്ഷേത്രത്തിൽ പോയപ്പോൾ പൂജാരിയെ കണ്ടില്ലെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് തേജ് വീർ സിങ് പറഞ്ഞു. മുറിയിൽ ചെന്നപ്പോൾ പൂജാരിയെ കൊല്ലപ്പെട്ട നിലയിൽ കാണുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് നിരവധി മണികളും സംഭാവന പെട്ടികളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.