കാരറ്റു വാങ്ങുന്നതിനെ ചൊല്ലി തർക്കം ; കടയുടമയെ വെട്ടി കൊന്നു

pathanamthittadied
pathanamthittadied

പത്തനംതിട്ട: കാരറ്റു വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കടയുടമയെ വെട്ടി കൊന്നു. റാന്നിയിലാണ് ദാരുണ സംഭവം. അങ്ങാടി എസ്ബിഐയ്ക്ക് മുന്നിൽ കട നടത്തുന്ന ചേത്തയ്ക്കൽ സ്വദേശി അനിൽ കുമാർ (56) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദീപ്, അനിൽ എന്നിവരാണ് പൊലീസിന്റെ പിടിയിലുള്ളത്.

ഇന്നലെ രാത്രി 10.50ഓടെയാണ് റാന്നിയെ നടുക്കിയ കൊലപാതകം. അനിൽ കുമാറിന്റെ കടയിലെത്തിയ ഇവർ കാരറ്റെടുത്തു കടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി ഇതു ചോദ്യം ചെയ്തു. കാരറ്റിനു വലിയ വിലയാണെന്നു പറഞ്ഞാണ് മഹാലക്ഷ്മി തടയാൻ ശ്രമിച്ചത്. 

ഇതിൽ പ്രകോപിതരായ പ്രദീപും അനിലും ജീവനക്കാരിയുമായി വാക്കു തർക്കമുണ്ടാക്കി. പിന്നാലെ വിഷയത്തിൽ ജീവനക്കാരിയുടെ ഭർത്താവും ഇടപെട്ടു. ഇയാളും ഈ കടയിൽ തന്നെയാണ് ജോലി ചെയ്യുന്നത്.

അതിനിടെ ഇവിടെ നിന്നു പോയ പ്രദീപും അനിലും വടിവാളുമായി തിരിച്ചെത്തി മഹാലക്ഷ്മിയേയും ഭർത്താവിനേയും ആക്രമിക്കാൻ ഒരുങ്ങി. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് അനിൽ കുമാറിനെ വെട്ടിക്കൊന്നത്. മഹാലക്ഷ്മിക്കും വെട്ടേറ്റ് സാരമായ പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

Tags