വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പോലീസിനെതിരേ പരാതി
തിരുവനന്തപുരം: പോലീസുകാരനെതിരേ ബലാത്സംഗ പരാതിയുമായി കൊച്ചി സ്വദേശിനി ഡോക്ടര്‍. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ തൃശ്ശൂര്‍ ഐ.ആര്‍. ബറ്റാലിയനിലെ പോലീസുകാരനെതിരേയാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നതായും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി തമ്പാനൂര്‍ പരിസരത്തുള്ള ഒരു ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെങ്കിലും പോലീസുകാരനെ കസ്റ്റഡിയില്‍ എടുക്കാന്‍ തമ്പാനൂര്‍ പോലീസിന് സാധിച്ചിട്ടില്ലെന്നാണ് വിവരം.
കുറ്റാരോപിതനായ പോലീസുകാരന്‍ അവധിയിലാണെന്നും ഒളിവില്‍ കഴിയുകയാണെന്നുമാണ് പ്രഥമിക വിവരം. കേരളത്തിന് വെളിയിലേക്ക് കടന്നിരിക്കാമെന്ന സാധ്യതയും പോലീസ് തള്ളുന്നില്ല. ഇയാളെ കണ്ടെത്താനും കസ്റ്റഡിയില്‍ എടുക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് വിവരം.