പെരുമ്പാവൂരിൽ ക്രൈസ്തവ ദേവാലയത്തിൽ മോഷണം : ഇതര സംസ്ഥാനക്കാരായ പ്രതികൾ പിടിയിൽ
എറണാകുളം: പെരുമ്പാവൂരിൽ ക്രൈസ്തവ ദേവാലയത്തിൽ മോഷണം നടത്തിയ ഇതര സംസ്ഥാനക്കാരായ പ്രതികൾ പിടിയിൽ. ഇക്കഴിഞ്ഞ പതിനാറാം തീയ്യതി പുലർച്ചെ പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ ഇരുവരും മോഷണം നടത്തുകയായിരുന്നു. അന്ന് അലാം ശബ്ദിച്ചതിനെ തുടർന്ന് ഇവർ ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അസമിലെ നൗഗാവ് സ്വദേശികളായ അഫ്സാലുർ റഹ്മാൻ, ആഷിക്കുൽ ഇസ്ലാം എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇതിനു പിന്നാലെ 18-ാം തീയ്യതി ഉച്ചയ്ക്ക് മറ്റൊരു വീട്ടിലും മോഷണശ്രമം നടത്തി. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്നെങ്കിലും വീട്ടമ്മയെ കണ്ടതിനെ തുടർന്ന് മോഷണ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ആസാം സ്വദേശികളെ പിടികൂടിയത്. ഇവർ മറ്റിടങ്ങളിളും മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.ഇവരുൾപ്പടെ ആറ് മോഷ്ടാക്കളെയാണ് അടുത്ത ദിവസങ്ങളിലായി പ്രത്യേക അന്വേഷണ സംഘം പെരുമ്പാവുരിൽ നിന്നും പിടികൂടിയത്.
പെരുമ്പാവൂർ എ.എസ്.പി. ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എൽദോസ് കുര്യാക്കോസ്, സി.കെ. എൽദോ, എ.എസ്.ഐ.മാരായ പി.എ. അബ്ദുൽ മനാഫ്, എ.ജി. രതി, സീനിയർ സി.പി.ഒ.മാരായ ടി.എ. അഫ്‌സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, കെ.ആർ. ധനേഷ്, മിഥുൻ മുരളി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുള്ളത്.