അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് ഏഴു വയസ്സുകാരൻ മരിച്ച സംഭവം: 22ന് കുറ്റപത്രം വായിക്കും
COURT

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് ഏഴു വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുറ്റപത്രം വായിക്കുന്നത് 22ലേക്ക് മാറ്റി.വിചാരണ എന്ന് തുടങ്ങുമെന്നും അന്നേദിവസം അറിയാം. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി അരുൺ ആനന്ദിനെ 22ന് കോടതിയിൽ നേരിട്ട് ഹാജരാക്കും. കഴിഞ്ഞ രണ്ടുതവണയും ഓൺലൈൻ വഴിയാണ് ഹാജരാക്കിയത്. 22 നേരിട്ട് ഹാജരാക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും പ്രതിയുടെ അഭിഭാഷക ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

കൊലപാതകക്കേസിലും മറ്റൊരു കൊലപാതകശ്രമക്കേസിലും അരുണിന് ജാമ്യം അനുവദിക്കണമെന്ന ആവശ്യം 22ന് പരിഗണിക്കാൻ മാറ്റി. മുമ്പ് ജാമ്യം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ കീഴ് കോടതിയോട് ഹൈകോടതി നിർദേശിച്ചിരുന്നു.എന്നാൽ, നാലുമാസം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ, അഡ്വ. ലിബു ജോൺ എന്നിവർ ഹാജരായി.
 

Share this story