കാമുകിയുടെ ഓരോ നീക്കവും അറിയാന്‍ ഫുഡ് ഡെലിവറി ആപ്പ് തെരഞ്ഞെടുത്ത് കാമുകൻ
തന്‍റെ മുന്‍ കാമുകിയെ ശല്യം ചെയ്ത് പ്രതികാരം തീര്‍ക്കാനായി ഫുഡ് ഡെലിവറി ആപ്പ് തെരഞ്ഞെടുത്ത് കാമുകൻ . തന്‍റെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ടിലൂടെ ബെംഗളൂരൂ ടെക്കിയായ രുപാല്‍ മധുപ് എന്ന എന്ന യുവതിയാണ്, തന്‍റെ ഒരു സുഹൃത്തിന് മുന്‍ കാമുകനില്‍ നിന്നും നേരിടേണ്ടിവന്ന ഇത്തരത്തിലുള്ള ഒരു പ്രതികാര നടപടിയെ കുറിച്ച് പങ്കുവെച്ചത്. ഫുഡ് ഡെലിവറി ഏജന്‍റായിരുന്ന മുൻ കാമുകൻ, സ്വിഗ്ഗിയുടെ ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് യുവതിയെ പിന്തുടര്‍ന്നത്. ആപ്പിൽ നിന്ന് ആദ്യമൊക്കെ മെസ്സേജ് വന്നപ്പോൾ യുവതി അത് കാര്യമായി എടുത്തില്ല. എന്നാൽ, പിന്നീട് തുടർച്ചയായി തന്‍റെ ഓരോ ചലനങ്ങളും നിരീക്ഷിക്കും വിധത്തിലുള്ള മെസ്സേജുകൾ വന്നു തുടങ്ങിയതോടെ അവർ പരിഭ്രാന്തയായി.
'ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടല്ലോ, പീരിയഡ്‌സ് ആണോ ?', 'രാത്രി രണ്ടുമണിക്ക് നിനക്കെന്താ നിന്‍റെ വീട്ടിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍', 'നീ ചെന്നൈയില്‍ എന്തുചെയ്യുകയാണ്?' എന്നിങ്ങനെ സുഹൃത്ത് ചെയ്യുന്ന ഓരോ കാര്യവും ചോദ്യം ചെയ്തു കൊണ്ടുള്ള മെസ്സേജുകളാണ് വന്നു കൊണ്ടിരുന്നത്. താൻ എപ്പോഴും അയാളുടെ നിരീക്ഷണത്തിനാണെന്ന് മനസ്സിലാക്കിയ യുവതി കാര്യങ്ങൾ തന്‍റെ സുഹൃത്തുക്കളോട് പങ്കുവച്ചു.
ഇതിന് പിന്നാലെയാണ് രൂപാൽ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ കാര്യങ്ങൾ പുറം ലോകത്തെ അറിയിച്ചത്. ഇത്തരത്തിലുള്ള സൂക്ഷമായ സൈബർ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തലോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റ് വൈറൽ ആയതോടെ അധികാരികൾ ഇത് ഗൗരവത്തോടെ എടുക്കണമെന്നും യുവാവിനെതിരെയും ഫുഡ് ഡെലിവറി ആപ്പിനെതിരെയും നടപടിയെടുക്കണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.