കൊല്ലത്ത് മുക്കുപണ്ടം പണയംവെച്ച് ഒരുകോടി തട്ടിയ ബാങ്ക് അപ്റൈസര്‍ അറസ്റ്റിൽ
ചവറ: സ്വർണപ്പണയ വായ്പക്കായി എത്തുന്നവരുടെ പേരിൽ മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയോളം രൂപ കവർന്ന ബാങ്ക് അപ്റൈസര്‍ അറസ്റ്റിൽ. തേവലക്കര ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരന് തേവലക്കര പാലക്കല്‍ തെക്കടത് കിഴക്കതില്‍ അജിത്തിനെയാണ് (47) കോയമ്പത്തൂരില്‍നിന്ന് പൊലീസ് പിടികൂടിയത്.
ബാങ്കിന്റെ സോണല്‍ ഓഡിറ്റിനിടയിലാണ് മുക്കുപണ്ടങ്ങള്വെച്ച് ഒരുകോടിയില്‍പരം തുക ഇയാള്‍ തട്ടിയെടുത്തതായി അറിയുന്നത്. ഓഡിറ്റ് നടക്കുന്നുവെന്ന് അറിഞ്ഞയുടൻ അജിത് ബംഗളൂരുവിലേക്കും രാജസ്ഥാനിലേക്കും കടക്കുകയായിരുന്നു. കഴിഞ്ഞദിവസം കോയമ്പത്തൂരിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവനയുടെ മേല്‍നോട്ടത്തില്‍ ചവറ തെക്കുംഭാഗം എസ്.എച്ച്.ഒ ശ്രീകുമാർ, എ.എസ്.ഐ സജിമോന്‍, ഉണ്ണി, രഞ്ജിത്, എസ്.സി.പി.ഒ അനീഷ്, വിനീഷ്, രാജീവ് എന്നിവര്‍ അടങ്ങിയ സംഘം കോയമ്പത്തൂര്‍, വാളയാര്‍ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് സഹായം ചെയ്ത ബാങ്ക് ജീവനക്കാരെയും അടുത്തദിവസം ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.