കൊല്ലത്ത് ഭിന്നശേഷിക്കാരനെ ആക്രമിച്ച കേസ് : പ്രതി റിമാൻഡിൽ

Accused

കൊല്ലം : കൊല്ലത്ത് ഭിന്നശേഷിക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചടയമംഗലം സ്വദേശി അനിൽകുമാറാണ് പിടിയിലായത്. ഭാര്യയെ മർദിച്ചതിന് പരാതി നൽകിയതിൽ പ്രകോപിതനായാണ് ഭിന്നശേഷിക്കാരന്റെ കാൽ പ്രതിയായ അനിൽകുമാർ തല്ലിയൊടിച്ചത്.

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കൊല്ലം ചടയമംഗലം സ്വദേശിനിയായ വീട്ടമ്മയെ പ്രതി മർദിക്കാൻ ശ്രമം നടത്തിയത്. അയൽവാസിയായ അനിൽകുമാറിനെതിരെ യുവതി ചടയമംഗലം പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിച്ചത്. കമ്പി വടി ഉപയോഗിച്ച് ഇടതു കാൽമുട്ട് അടിച്ചൊടിച്ചു.

ഇടത് കൈക്കും പുറത്തും പരിക്കേറ്റ ഭർത്താവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. സംഭവ ശേഷം ഒളിവിൽ പോയ അനിൽകുമാറിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ രണ്ട് സുഹൃത്തുക്കൾ നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. അനിൽകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
 

Share this story