തൃശ്ശൂരിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ
mannu

മണ്ണുത്തി: നിർത്തിയിട്ടിരുന്ന ബസ് തട്ടിയെടുത്ത് കൊണ്ടുപോയ പ്രതികൾ അറസ്റ്റിൽ. മലപ്പുറം തൃക്കണാപുരം പുളിക്കല്‍ വീട്ടില്‍ നാസര്‍ (49), മലപ്പുറം പൈങ്കണ്ണൂര്‍ വടക്കനാഴിയില്‍ വീട്ടില്‍ ജമാലുകുട്ടി (45) എന്നിവരാണ് അറസ്റ്റിലായത്. കാളത്തോട് പള്ളിക്ക് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നിർത്തിയിട്ടിരുന്ന ബസാണ് വൈകീട്ട് കാണാതായത്.

സംഭവം അറിഞ്ഞ ബസ് ഉടമ വിവരം അറിയിച്ചതിനെത്തുടർന്ന് മണ്ണുത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ മലപ്പുറം ആനക്കരയിലുള്ള വര്‍ക്ക് ഷോപ്പില്‍ നമ്പര്‍ മറച്ച് ബാറ്ററി ഊരിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്ത് നിന്ന് പ്രതികള്‍ പിടിയിലാവുന്നത്. ഒല്ലൂര്‍ എ.സി.പി പി.എസ്. സുരേഷിന്റെ നിർദേശത്തില്‍ മണ്ണുത്തി സി.ഐ എസ്. ഷൂക്കുറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ. പ്രദീപ് കുമാര്‍, എന്‍. പ്രദീപ്, സി.പി.ഒമാരായ എ.എസ്. പ്രദീപ്, എം.എ. അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share this story