കൊച്ചിയിൽ വധശ്രമം ഉള്‍പ്പെടെ നിരവധി കേസിലെ പ്രതി അറസ്റ്റില്‍
arrested

തൃപ്പൂണിത്തുറ: വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ അറസ്റ്റു ചെയ്തു. തൃപ്പൂണിത്തുറ, മാര്‍ക്കറ്റ് റോഡ്, പെയിന്തറ കോളനിയില്‍, മാലായില്‍ വീട്ടില്‍ അച്ചുവെന്ന അഖിലിനെയാണ് (27) ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും പിടികൂടിയത്. കഴിഞ്ഞ 18ന് വൈകീട്ട് ഇരുമ്പനം ചോയിസ് ടവറിന് സമീപം പുത്തന്‍കുരിശ് സ്വദേശി പ്രവീണ്‍ ഫ്രാന്‍സിസ് (28) എന്നയാളെ വിളിച്ചു വരുത്തി പ്രതി കത്തികൊണ്ടു കുത്തുകയായിരുന്നു. വയറിന് പരിക്കേറ്റ് രക്തം വാര്‍ന്ന പ്രവീണ്‍, കൈവശം ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് വയറു ചുറ്റിക്കെട്ടി തനിയെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

അബോധാവസ്ഥയില്‍ അതി തീവ്രപരിചരണ വിഭാഗത്തിലായിരുന്നതിനാല്‍ പ്രവീണിന്റെ മൊഴി രേഖപ്പെടുത്താനായില്ല. കൂടെ ഉണ്ടായിരുന്ന സഹോദരിയുടെ മൊഴി പ്രകാരമാണ് കേസെടുത്തത്. തൃക്കാക്കര അസി. കമീഷണര്‍ പി.വി. ബേബിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. ഉദയംപേരൂര്‍ മാളേകാട് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ പ്രതിയെ സി.ഐയും സംഘവും പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ തൃശൂര്‍ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസും ഉദയംപേരൂര്‍ സ്റ്റേഷനില്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസും തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുള്ളതായും പൊലീസ് പറഞ്ഞു. എസ്.ഐമാരായ എം. പ്രദീപ്, രാജന്‍ പിള്ള, എ.എസ്.ഐമാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആര്‍. മേനോന്‍, രാജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഗുണ്ടാനിയമം ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ശശിധരന്‍ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share this story