കേച്ചേരിയില്‍ പോലീസുകാരന്റെ വീട്ടിലടക്കം കവര്‍ച്ച നടത്തിയ രണ്ടുപേര്‍ പിടിയില്‍

arrest

കുന്നംകുളം: കേച്ചേരി മണലി പട്ടിക്കരയില്‍ പോലീസുകാരന്റെ വീട്ടിലടക്കം വ്യാപക മോഷണം നടത്തിയ രണ്ടുപേരേ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആറങ്ങോട്ടുകര കോഴിക്കാട്ടില്‍ വീട്ടില്‍ ഷന്‍ഫീര്‍ (37), ചേലക്കര പുതുവീട്ടില്‍ അബ്ദുല്‍ റഹീം (31) എന്നിവരെയാണ് കുന്നംകുളം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ഗുരുവായൂര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷഫീക്കിന്റെ വീട്ടിലും കേച്ചേരി സ്വദേശി അമ്പലത്ത് വീട്ടില്‍ മുഹമ്മദ് ഫയാസിന്റെ വീട്ടിലുമാണ് പ്രതികള്‍ മോഷണം നടത്തിയത്.ഗുരുവായൂര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പുളിച്ചാറം വീട്ടില്‍ ഷെഫീക്കിന്റെ തറവാട്ട് വീട്ടില്‍നിന്നും മൂന്നു ഗ്രാം സ്വര്‍ണവും 50000 രൂപയും മൊബൈല്‍ ഫോണും മോഷണം പോയി. മോഷണ സമയത്ത് വീട്ടിലുള്ളവര്‍ സമീപത്തുള്ള ഷെഫീക്കിന്റെ വീട്ടില്‍ വിരുന്നു സല്‍ക്കാരത്തിലായിരുന്നു. 

ഈ സമയത്ത് അകത്തുകടന്ന പ്രതികള്‍ പുറകുവശത്തെ 
ഗ്രില്ലിന്റെ പൂട്ട് തകര്‍ക്കുകയും അലമാര കുത്തി തുറക്കുകയും അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ടായിരുന്നു മോഷണം. രാവിലെ ഷെഫീക്കിന്റെ പിതാവ് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയും പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ഏഴാം തീയതിയാണ് മുഹമ്മദ് ഷിയാസിന്റെ വീടിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടര്‍സൈക്കിള്‍ രാത്രി 12ഓടെ പ്രതികള്‍ മോഷ്ടിച്ചു കൊണ്ടുപോയത്. തുടര്‍ന്ന് കുന്നംകുളം പോലീസ് സി.സി.ടിവി കാമറകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കുന്നംകുളം പ്രിന്‍സിപ്പല്‍ എസ്.ഐ. രാജീവ്, അഡീഷണല്‍ എസ്.ഐമാരായ ഉണ്ണിക്കൃഷ്ണന്‍, ഷക്കീര്‍ അഹമ്മദ്, എ.എസ്.ഐ. പ്രേംജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ഇഖ്ബാല്‍, സജയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. 
 

Share this story