മരുന്നിന്റെ ഓർഡർ തുകയെന്ന പേരിൽ എട്ടുലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
തൃശൂർ: മരുന്നിന്റെ ഓർഡർ തുകയെന്ന പേരിൽ എട്ടുലക്ഷം രൂപ വാങ്ങി തട്ടിപ്പു നടത്തിയ പ്രതി പിടിയിൽ. എറണാകുളം ഉദയംപേരൂർ സ്വദേശിയായ കൊങ്ങപ്പിള്ളിയിൽ വീട്ടിൽ കിരൺകുമാറി (45) നെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാട്ടുരായ്ക്കൽ പൊന്നുവീട്ടിൽ ലൈനിൽ നടത്തുന്ന ഡെക്സ്റ്റർ ലൈഫ് സയൻസ് എന്ന സ്ഥാപനത്തിലേക്ക് മറ്റു സ്റ്റേറ്റുകളിൽ നിന്ന് മരുന്നുകളുടെ ഓർഡർ എടുത്തു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയുടെ കൈയിൽനിന്നും കൺസൾറ്റേഷൻ ഫീസായി 10 ലക്ഷം രൂപ വാങ്ങുകയായിരുന്നു. പിന്നീട് രണ്ടു ലക്ഷം രൂപ തിരിച്ചു കൊടുത്തിരുന്നു. ബാക്കി തുകയായ എട്ടു ലക്ഷം രൂപ തിരിച്ചു കൊടുക്കുകയോ ഓർഡർ ചെയ്ത മരുന്ന് എത്തിക്കുകയോ ചെയ്തില്ല. ഒടുവിൽ പരാതിക്കാരൻ ഈസ്റ്റ് പൊലീസിനെ സമീപിക്കുകയായിരുന്നു.
കേസന്വേഷണം നടക്കുന്നതിനിടെ തൃശൂർ എ സി പി സലീഷ് എൻ. ശങ്കരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് ഇൻസ്‌പെകടർ ജിജോ എംജെ, സബ് ഇൻസ്‌പെക്ടർ ഷിബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അജ്മൽ, സൂരജ് എന്നിവർ ചേർന്നാണ് പ്രതിയെ പാലക്കാട് നെന്മേനിയിൽനിന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പ്രതിക്ക് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഒരു കേസും തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളുമുള്ളതായി തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.