നെടുമങ്ങാട് പൊലീസിനെ ആക്രമിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
നെടുമങ്ങാട്: പൊലീസിനെ ആക്രമിച്ച് കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും പൊലീസ് വാഹനത്തിന് കേടുവരുത്തുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കരിപ്പൂർ പുലിപ്പാറ തേവരുകുന്ന് ലക്ഷംവീട്ടിൽ ഷാനവാസി (42) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് കച്ചേരി ജങ്ഷനിലുള്ള കടകളിൽനിന്ന് ഗുണ്ടാപ്പിരിവ് നടത്തുന്നതായ വിവരമറിഞ്ഞെത്തിയ പൊലീസിനെ ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് വാഹനം ആക്രമിച്ച് കേടുവരുത്തുകയും ചെയ്തു. പരിക്കേറ്റ എസ്.ഐ എസ്. അജി ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
അടിപിടി, പിടിച്ചുപറി, മോഷണം തുടങ്ങി പത്തൊൻപതോളം കേസുകൾ ഷാനവാസനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളിൽ പി.ഡി.പി.പി ആക്ട് അനുസരിച്ചാണ് ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.