കൊല്ലത്ത് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
അഞ്ചൽ: കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്വകാര്യ സ്വർണ്ണപ്പണയ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ ആൾ അറസ്റ്റിൽ. കൊട്ടാരക്കര നെടുവത്തൂർ സരസ്വതി വിലാസത്തിൽ സജയകുമാർ (30) ആണ് അറസ്റ്റിലായത്.
ഒരു മാസം മുമ്പ് സജയകുമാർ അഞ്ചൽ ആർ.ഒ ജംഗ്ഷന് സമീപത്തെ സ്വകാര്യ ബാങ്കിൽ വ്യാജ ആഭരണം പണയം വച്ച് 47000 രൂപ കൈക്കലാക്കുകയുണ്ടായി.
പരിശോധനയിൽ പണയ ഉരുപ്പടികൾ മുക്കു പണ്ടമാണെന്ന് മനസ്സിലായപ്പോൾ ബാങ്കുടമ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച കൊട്ടാരക്കരയിലെ സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സജയകുമാറിനെ അഞ്ചൽ എസ്.എച്ച്.ഒ ഹരീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധയിടങ്ങളിൽ സജയകുമാർ സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഒരു കൊലപാതക്കേസിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാന്റ് ചെയ്തു.