പള്ളിയിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ
തിരുനെല്ലി: പള്ളിയിൽ മോഷണം നടത്തിയ യുവാവിനെ തൃശൂർ കൊരട്ടിയിൽനിന്ന് പിടികൂടി. മുള്ളൻകൊല്ലി എടമല കിഴക്കനേത്ത് വീട്ടിൽ റോമിയോ (27) ആണ് തിരുനെല്ലി പൊലീസിന്റെ പിടിയാലാത്.
കഴിഞ്ഞ ജൂലൈ 18ന് കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് മലങ്കര പള്ളിയിലെ ഓഫിസിൽ അതിക്രമിച്ചു കയറി 14,000 രൂപ വില മതിക്കുന്ന സി.സി.ടി.വി ഡി.വി.ആറും ഹാർഡ് ഡിസ്കും മോഷ്ടിക്കുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ 2023 നവംബർ മാസത്തിൽ കാട്ടിക്കുളം കരുണാഭവൻ വൃദ്ധ സദനത്തിൽനിന്നും 22,000 രൂപ വിലമതിക്കുന്ന മൂന്നു ചാക്ക് കാപ്പിക്കുരു മോഷ്ടിച്ചതും പ്രതി സമ്മതിച്ചു.
ഇത് മാനന്തവാടിയിലുള്ള മലഞ്ചരക്ക് സ്ഥാപനത്തിൽ വിറ്റു. ഇയാൾ പുൽപള്ളി സ്റ്റേഷനിൽ നാല് കളവു കേസുകളിലും മാനന്തവാടി, കേണിച്ചിറ സ്റ്റേഷനുകളിൽ ഓരോ കളവു കേസിലും വൈത്തിരി സ്റ്റേഷനിൽ മറ്റൊരു കേസിലും പ്രതിയാണ്. കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
തിരുനെല്ലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സജിമോൻ പി. സെബാസ്റ്റ്യൻ, പി. സൈനുദ്ദീൻ, അസി. സബ് ഇൻസ്പെക്ടർ മെർവിൻ ഡിക്രൂസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.ടി. സരിത്ത്, എം.കെ. രമേശ്, പി.ജി. രതീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.