ആലപ്പുഴയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റിൽ
ഹരിപ്പാട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി ചിങ്ങോലി കൊച്ചുതെക്കതിൽ വീട്ടിൽ ബിനീഷ് കുമാറിനെ (34) പോലീസ് അറസ്റ്റ് ചെയ്തു. ടെലികോളർ ജോലി വാഗ്ദാനം ചെയ്ത് മുതുകുളം സ്വദേശിയെ കംബോഡിയയിൽ എത്തിച്ച് നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച പ്രതിയാണ് മുന്നാറിൽ നിന്ന് പിടിയിലായത്. മുതുകുളം ചേപ്പാട് കന്നിമേൽ ശാന്താലയം വീട്ടിൽ അക്ഷയിനെ (25) കബളിപ്പിച്ചാണ് പ്രതി 1,65,000 രൂപ വാങ്ങിയത്.
കഴിഞ്ഞ മാർച്ച് 21നാണ് അക്ഷയിനെ കംബോഡിയയിലേക്ക് ജോലിക്കായി കൊണ്ടു പോയത്. എന്നാൽ കംബോഡിയയിൽ എത്തിച്ചശേഷം വാഗ്ദാനം ചെയ്ത ടെലികോളർ ജോലിയ്ക്കു പകരം സമൂഹമാധ്യമങ്ങളിലൂടെ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന ജോലിക്കാണ് നിയോഗിച്ചത്. ഈ ജോലിചെയ്യാൻ വിസമ്മതിച്ചതോടെ അക്ഷയിനെ ഇരുട്ടു മുറിയിലിട്ടു പീഡിപ്പിക്കുകയായിരുന്നു.
അക്ഷയിന്റെ അച്ഛൻ ശാന്തകുമാരൻ മകൻ അകപ്പെട്ട വിവരം ഇന്ത്യൻ എംബസിയിൽ അറിയിച്ചു. തുടർന്ന്, എംബസി ഇടപെടുകയും അക്ഷയിനെയും ഒപ്പമുണ്ടായിരുന്ന 60ഓളം ഇതര സംസ്ഥാനക്കാരായ യുവാക്കളെ മോചിപ്പിച്ചിച്ച് മെയ് 24ന് തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു. ശാന്തകുമാരാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.