മനോദൗര്‍ബല്യമുള്ള യുവാവിന്റെ കൊലപാതകം: പ്രതികള്‍ കുറ്റക്കാര്‍

court

പാലക്കാട്: പെരുവെമ്പില്‍ മനോദൗര്‍ബല്യമുള്ള യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. പെരുവെമ്പ് തോട്ടുപാടം വീട്ടില്‍ പരേതനായ പൊന്നന്റെ മകന്‍ രാജേന്ദ്രന്‍ (34) കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികളായ എട്ടു പേരേയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 

പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനായക റാവു വിധിക്കും.
2010 ഫെബ്രുവരി 18ന് രാത്രിയായിരുന്നു കെട്ടുപണിക്കാരനായ രാജേന്ദ്രനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രതികളായ പെരുവെമ്പ് സ്വദേശി വിജയന്‍ (53), കുഞ്ചപ്പന്‍ (64), ബാബു (50), മുരുകന്‍ (44), മുത്തു (74), രമണന്‍ (45), മുരളീധരന്‍ (40), രാധാകൃഷ്ണന്‍ (61) എന്നിവരെയാണ് കോടതി പ്രതികളാണെന്ന് കണ്ടെത്തിയത്. മനോദൗര്‍ബല്യത്തിന് ഏഴ് വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. 

മര്‍ദനത്തില്‍ നിന്ന് രക്ഷ നേടി വീട്ടിലേക്ക് കയറിയപ്പോള്‍ അവിടെ നിന്നും അടിച്ചിറക്കി പുലര്‍ച്ചെ രണ്ടുവരെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു.

രാജേന്ദ്രനെ മര്‍ദിക്കുന്ന വിവരം പുതുനഗരം പോലീസില്‍ അറിയിച്ചിട്ടും പോലീസ് എത്താന്‍ വൈകിയെന്നും അപ്പോഴേക്കും മരണം സംഭവിച്ചെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. പോലീസിന്റെ വീഴ്ച അന്ന് ഏറെ വിവാദമുയര്‍ത്തിയിരുന്നു. വാദിഭാഗത്തിന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. രവികുമാര്‍ ഹാജരായി.
 

Tags