മദ്യലഹരിയിൽ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തി കൊല്ലാൻ ശ്രമിച്ച കേസ് :പ്രതി പിടിയിൽ

arrest8
arrest8

ഗുരുവായൂർ: തൃശ്ശൂരിൽ മദ്യലഹരിയിൽ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കഴിഞ്ഞ വ്യാഴാഴ്ച ഗുരുവായൂരിൽ വെച്ചാണ് സംഭവം.കൊല്ലം തെന്മല സ്വദേശിയായ അർജുനനാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷെല്ലിയെയാണ് അർജുനൻ ആക്രമിച്ചത്. ഗുരുവായൂർ വടക്കേ റോഡിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂർ സ്വദേശി ഷെല്ലിയെ കൊല്ലം സ്വദേശിയായ അർജ്ജുനൻ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ ഗുരുവായൂർ വടക്കേ ഇന്നർ റോഡിൽ വെച്ച് അർജുനൻ ഷെല്ലിയെ ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് പൊലീസ് പറയുന്നത്. വഴക്കിനിടെ അർജുനൻ കൈയ്യിൽ കിട്ടിയ ഇരുമ്പ് കമ്പി കൊണ്ട് ഷെല്ലിയുടെ തലക്ക് കുത്തുകയായിരുന്നു. തലക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴിയുകയാണ്. 

അർജുനനും ഷെല്ലിയും വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങി ഗുരുവായൂരിൽ കൂലിപ്പണിയെടുത്ത് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളെ  റിമാൻഡ് ചെയ്തു.

Tags