ആലപ്പുഴയിൽ മേൽശാന്തിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ക്ഷേത്രം ജീവനക്കാരൻ പിടിയിൽ

ആലപ്പുഴ: നീർക്കുന്നം ഘണ്ടാകർണ സ്വാമി ക്ഷേത്രം മേൽശാന്തിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ക്ഷേത്രം ജീവനക്കാരൻ പിടിയിൽ. തൃശൂർ ചാലക്കുടി മാടപ്പറമ്പിൽ മഠത്തിൽ വീട്ടിൽ വാസുദേവനെയാണ് (47) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നീർക്കുന്നം ഘണ്ടാകർണ സ്വാമി ക്ഷേത്രം മേൽശാന്തിയുടെ മൊബൈൽ ഫോൺ മോഷണം പോയതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ ക്ഷേത്രത്തിലെ സി.സി ടി.വി പരിശോധിച്ചതിൽ വാസുദേവനാണ് ഫോൺ മോഷ്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു.
പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വാസുദേവനെ അറസ്റ്റ് ചെയ്തു.വാസുദേവൻ ജോലി അന്വേഷിച്ച് ക്ഷേത്രത്തിൽ എത്തുകയും താമസിക്കാൻ വീടോ ബന്ധുക്കളോ ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ വാസുദേവന് ക്ഷേത്രത്തിൽ താമസിക്കാൻ സൗകര്യം ലഭ്യമാക്കുകയായിരുന്നു.വാസുദേവൻ മുമ്പും പല മോഷണക്കേസിലും ശിക്ഷ അനുഭവിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.