ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് 12-ാം ക്ലാസ് വിദ്യാർഥിയെ വെടിവെച്ച് കൊന്നു

hariyana
hariyana

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ 12-ാം ക്ലാസ് വിദ്യാർഥിയെ പശുക്കടത്തുകാരനെന്ന് കരുതി ഗോരക്ഷാ ഗുണ്ടകൾ വെടിവെച്ച് കൊന്നു. ആഗസ്റ്റ് 23നുണ്ടായ സംഭവത്തിൽ ഇപ്പോൾ അഞ്ച് അക്രമികൾ അറസ്റ്റിലായിട്ടുണ്ട്. അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരാണ് പിടിയിലായത്. ആര്യൻ മിശ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ന്യൂഡിൽസ് കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് ആര്യൻ മിശ്ര കൊല്ലപ്പെട്ടത്. 30 കിലോമീറ്റർ കാറിൽ പിന്തുടർന്നെത്തിയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയത്.

രണ്ട് വാഹനങ്ങളിലായി ചിലർ ഫരീദാബാദിൽനിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി അക്രമികൾക്ക് വിവരം ലഭിക്കുകയായിരുന്നു. വാഹനങ്ങളിൽ പരിശോധന നടത്തുമ്പോൾ ഇതുവഴി സുഹൃത്തുക്കളായ ഷാങ്കി, ഹർഷിത്ത് എന്നിവരോടൊപ്പം ആര്യൻ മിശ്ര കാറിലെത്തി.

നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വാഹനം നിർത്താതെ പോയി. ഇതോടെ അക്രമികൾ ഇവരെ പിന്തുടർന്ന് എത്തുകയായിരുന്നു. ഡൽഹി-ആഗ്ര ദേശീയ പാതയിൽ ഹരിയാനയിലെ ഗധ്പുരിക്ക് സമീപത്തുവെച്ച് അക്രമികൾ ആര്യന്‍റെ കാറിനുനേർക്ക് വെടിവെപ്പ് നടത്തി.

ആര്യന്‍റെ കഴുത്തിലാണ് വെടിയേറ്റത്. തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട് അക്രമികൾ ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Tags