പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ : പിടിയിലായവരുടെ എണ്ണം പത്തായി
haridas1

പാലക്കാട് : ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഗൂഢാലോചനയിൽ പങ്കാളികൾ ആയവരും വാഹനം എത്തിച്ചവരുമാണ് പോലീസ് കസ്‌റ്റഡിയിൽ ആയത്. ഇതിൽ ഒരാൾ കൃത്യം നടക്കുമ്പോൾ മേലാമുറിയിൽ എത്തിയിരുന്നു. ഇതോടെ ശ്രീനിവാസൻ വധക്കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.

അതേസമയം, കേസിൽ ഇന്നലെ അറസ്‌റ്റിലായ ശംഖുവാരത്തോട് പള്ളി ഇമാം സദ്ദാം ഹുസൈൻ ഉൾപ്പടെയുള്ള മൂന്ന് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളിൽ ഒരാളെ ഒളിപ്പിച്ചതിനാണ് ശംഖുവാരത്തോട് പള്ളി ഇമാം ആയിരുന്ന സദ്ദാം ഹുസൈനെ അറസ്‌റ്റ് ചെയ്‌തത്‌. 

അതിനിടെ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഢാലോചനയിൽ പങ്കാളികളായ അഷ്‌റഫ്, അഷ്‌ഫാഖ് എന്നിവരുടെ അറസ്‌റ്റാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുക.

പ്രതികളുമായുള്ള തെളിവെടുപ്പും ഇന്ന് നടത്തിയേക്കും. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. നിലവിൽ കസ്‌റ്റഡിയിലുള്ളവരെല്ലാം കൊലയാളി സംഘത്തിനൊപ്പം പോയവരാണെന്നാണ് സൂചന. അതേസമയം, കേസിലെ മുഖ്യപ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി ഊർജിതമായ അന്വേഷണമാണ് നടക്കുന്നത്.

Share this story