തിരുവനന്തപുരത്ത് വെള്ളം ചോദിച്ചെത്തിയ യുവാവ് വൃദ്ധയെ ക്രൂരമായി ആക്രമിച്ച് മാല പൊട്ടിച്ചു കടന്നു

Police

കാട്ടാക്കട: പട്ടാപ്പകൽ വീട്ടില്‍ വെള്ളം ചോദിച്ചെത്തി യുവാവ് വൃദ്ധയെ ക്രൂരമായി ആക്രമിച്ച് സ്വർണമാല പൊട്ടിച്ച് കടന്നു. മാറനല്ലൂർ അരുമാളൂർ സ്വദേശി അരുന്ധതിയെയാണ് (85) മർദിച്ച് അവശയാക്കിയശേഷം രണ്ടു പവൻ സ്വർണമാലയും മോഷ്ടിച്ച് കടന്നത്. ആക്രമണത്തില്‍ മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു.

മുഖം ചതഞ്ഞ് മുറിഞ്ഞ അവസ്ഥയിലാണ്. വൃദ്ധയുടെ നിലവിളി ശക്തമായതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ ബന്ധുക്കളെ വിവരം അറിയിച്ചതിനെതുടര്‍ന്ന് വൃദ്ധയെ നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മകൾ സുജ, ചെറുമകൻ മിഥുൻ ഇവരാണ് അരുന്ധതിക്കൊപ്പം താമസിക്കുന്നത്. വീട്ടിലുള്ളവരൊക്കെ പുറത്തുപോയ സമയത്താണ് മെലിഞ്ഞ യുവാവ് വെള്ളം ചോദിച്ചെത്തിയത്. അടുക്കളയിൽ ചെന്ന് വെള്ളവുമായി തിരികെ എത്തിയപ്പോഴാണ് കള്ളൻ അകത്തു കയറി കഴുത്തിന് പിടിക്കുകയും മർദിക്കുകയും ചെയ്തതെന്ന് അരുന്ധതി പറഞ്ഞു. മുഖത്തെ എല്ലുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്തെ സി.സി ടി.വി ഉൾപ്പെടെയുള്ളവ പരിശോധിച്ച് അന്വേഷണം നടത്തിവരുന്നു.

Share this story