തിരുവനന്തപുരത്ത് 18.35ഗ്രാം എംഡിഎംഎ കടത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

arrest

പാറശ്ശാല: തിരുവനന്തപുരം അമരവിളയില്‍ അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന സൂരജ് എന്ന ബസില്‍ യാത്രക്കാരനായിരുന്ന സുമേഷിനെയാണ് (25) അമരവിള ചെക് പോസ്റ്റിലെ വാഹന പരിശോധനക്കിടയില്‍ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.

18.35ഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത്. എക്‌സൈസ് സി.ഐ സന്തോഷ്, എസ്‌.ഐ രതീഷ്, സുധീഷ്, നന്ദകുമാര്‍, അഭിജിത്ത് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നൽകി .

അതേസമയം, മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു യുവാക്കൾ കഞ്ചാവുമായി കുടുങ്ങി. മൈസൂരു-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി വി.പി. രൻജിഷ് (34) 100 ഗ്രാം കഞ്ചാവുമായാണ് പിടിയിലായത്. വാഹന പരിശോധനയിൽ 125 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി കെ. ജംഷീദ് (28) പിടിയിലായി. സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
 

Share this story