ശ്രദ്ധ കൊലപാതകത്തിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി അഫ്താബ്​​​​​​​

aftab

ദില്ലി : രാജ്യത്തെ നടുക്കിയ ശ്രദ്ധ കൊലപാതകത്തിൽ കുറ്റം ഏറ്റുപറഞ്ഞ് പ്രതി അഫ്താബ്. ശ്രദ്ധയെ കൊലപ്പെടുത്തിയെന്ന് കോടതിയിലാണ് അഫ്താബ് ഏറ്റുപറഞ്ഞ്. പെട്ടെന്നുണ്ടായ‌ പ്രകോപനത്തിലാണ് പങ്കാളി ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് അഫ്താബ് സാകേത് കോടതിയിൽ പറഞ്ഞു. കസ്റ്റഡി കാലാവധി തീരുന്ന ദിവസമായി ഇന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിക്ക് മുന്നിൽ ഹാജരാക്കിയത്. അഫ്താബിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. 

മൃതദേഹം 35 കഷണങ്ങളാക്കാൻ ഉപയോ​ഗിച്ചതെന്ന് കരുതുന്ന ആയുധം കഴിഞ്ഞ ദിവസം അഫ്ദാബിന്റെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തു. മെഹ്റോളിയിലെ ഫ്ലാറ്റിൽ നിന്നാണ് ആയുധം കണ്ടെടുത്തത്. ഫ്ലാറ്റിൽ നിന്ന് കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. ശ്രദ്ധ അപ്താബിൽ നിന്ന് ക്രൂരമായ മർദ്ധനം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധയെ അഫ്താബ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാത്ത വിധത്തില്‍ ഉപദ്രവിച്ചിരുന്നുവെന്നാണ് ശ്രദ്ധയുടെ പുറത്തുവന്ന വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നത്. 

കോൾ സെന്‍റര്‍ ജീവനക്കാരായ ശ്രദ്ധ (26), അഫ്താബ് (28) എന്നിവർ മെയ് മാസത്തിൽ ദില്ലിയിലേക്ക് താമസം മാറിയിരുന്നു. നാല് ദിവസത്തിന് ശേഷം  തർക്കത്തെത്തുടർന്ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി. ഫ്രിഡ്ജിൽ സൂക്ഷിച്ച് 18 ദിവസത്തോളം എടുത്ത്  വിവിധയിടങ്ങളില്‍ തള്ളിയെന്നാണ് ഇപ്പോള്‍ വിവാദമായ കൊലപാതക കേസ്.

അഫ്താബുമായുള്ള ശ്രദ്ധയുടെ ബന്ധം അംഗീകരിക്കാത്തതിനാൽ 2021 മെയ് മുതൽ ശ്രദ്ധയോട് സംസാരിക്കാറില്ലെന്നാണ് ശ്രദ്ധയുടെ പിതാവ് പറയുന്നത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ശ്രദ്ധയുടെ കൊലപാതകത്തിലേക്കും അഫ്താബിലേക്കും എത്തിയത്. ഉപേക്ഷിക്കപ്പെട്ട ശരീരഭാഗങ്ങൾ, ഉപയോഗിച്ച കത്തി, കൊലപാതകം നടന്ന ദിവസം മുതലുള്ള വസ്ത്രങ്ങൾ, ശ്രദ്ധയുടെ ഫോൺ എന്നിങ്ങനെയുള്ള പ്രധാന തെളിവുകൾ കണ്ടെത്തേണ്ടതിനാല്‍ നവംബർ 17 ന് അഫ്താബിനെ ദില്ലി കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.  

Share this story