പറഞ്ഞ കള്ളങ്ങള്‍ തന്നെ ഒടുവില്‍ അഫ്താബിന്റെ കൈയ്യില്‍ വിലങ്ങ് വീഴ്ത്തി

Shraddha Murder Delhi Murder

ദില്ലി: ആറുമാസത്തോളം ഒളിപ്പിച്ചുവച്ച കാമുകിയുടെ അരുംകൊലയില്‍ അഫ്താബ് പൂനാവാല ഒടുവില്‍ വലിയിലായത് എങ്ങനെ. പൊലീസിന്റെ സംശയങ്ങള്‍ എല്ലാം മറികടക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു അഫ്താബ് ആദ്യം പൊലീസ് ചോദ്യം ചെയ്യലില്‍ പെരുമാറിയത്. എന്നാല്‍ ചോദ്യം ചെയ്യലിലെ പറഞ്ഞ കള്ളങ്ങള്‍ തന്നെ ഒടുവില്‍ അഫ്താബിന്റെ കൈയ്യില്‍ വിലങ്ങ് വീഴ്ത്തി. 

കൊല്ലപ്പെട്ട ശ്രദ്ധ വാക്കറിന്റെ പിതാവ് കഴിഞ്ഞ മാസം മുംബൈക്കടുത്തുള്ള വസായില്‍ മകളെ കാണാനില്ല എന്ന പേരില്‍ നല്‍കിയ പരാതിയാണ് അഫ്താബിലേക്ക് എത്തിയത്. മഹാരാഷ്ട്ര പൊലീസില്‍ എത്തിയ കേസില്‍ ഒക്ടോബര്‍ 26 ന് അഫ്താബ് പൂനാവാലയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മെയ് മാസം 22ന് വഴക്കുണ്ടായതിനെ തുടര്‍ന്ന് ശ്രദ്ധ ദില്ലിയിലെ മെഹ്റൗളി ഏരിയയിലെ ഛത്തര്‍പൂരിലെ വാടക ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിപ്പോയതായി അഫ്താബ് പോലീസിനോട് പറഞ്ഞു.

എന്നാല്‍ ശരിക്കും അതിന് നാല് ദിവസം മുന്‍പ് തന്നെ അയാള്‍ ശ്രദ്ധയെ കൊലപ്പെടുത്തിയിരുന്നു. അവര്‍ ദില്ലിയിലെ ഈ ഫ്‌ലാറ്റിലേക്ക് മാറിയിട്ട് കഷ്ടിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് ഈ വഴക്ക് നടന്നത് എന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. ഇറങ്ങിപ്പോയ ശേഷം ശ്രദ്ധയുമായി ഒരു ബന്ധവും ഇല്ലെന്നും അഫ്താബ് പൊലീസിനോട് പറഞ്ഞു. 

ശ്രദ്ധ തന്റെ മൊബൈല്‍ ഫോണ്‍ മാത്രമാണ് ഫ്‌ലാറ്റില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ എടുത്തതെന്നും. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഉപേക്ഷിച്ചാണ് പോയതെന്നും അഫ്താബ് പൊലീസിനോട് ആദ്യം പറഞ്ഞു. ഇതിനെ തുടര്‍ന്ന് വാസയിലെ പൊലീസ് അന്വേഷണ സംഘം - ശ്രദ്ധയുടെ ഫോണ്‍ പ്രവര്‍ത്തനം, കോള്‍ വിശദാംശങ്ങള്‍, സിഗ്‌നല്‍ ലൊക്കേഷന്‍ എന്നിവ ട്രാക്കുചെയ്തു.

ശ്രദ്ധയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് മെയ് 22 നും 26 നും ഇടയില്‍ ശ്രദ്ധ വാക്കറുടെ അക്കൗണ്ടില്‍ നിന്ന് അവളുടെ ഫോണിലെ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ച് 54,000 രൂപ അഫ്താബ് പൂനാവാലയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. അവര്‍ ഒരുമിച്ച് താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള മെഹ്റോളിയിലെ ഛത്തര്‍പൂരായിരുന്നു ഈ സമയത്ത് ഫോണിന്റെ ലൊക്കേഷന്‍ എന്നും പൊലീസ് മനസിലാക്കി. മെയ് 22 ന് അവള്‍ പോയതുമുതല്‍ താന്‍ അവളുമായി ബന്ധമില്ലെന്ന അഫ്താബിന്റെ മൊഴി ഇതോടെ  പോലീസ് സംശയത്തോടെ കാണാന്‍ തുടങ്ങി. 

ഈ മാസം ആദ്യം തന്നെ വീണ്ടും അഫ്താബിനെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചു. പണം പിന്‍വലിച്ചത് സംബന്ധിച്ച ചോദിച്ചപ്പോള്‍ ശ്രദ്ധയുടെ പാസ്വേഡുകള്‍ ഉള്ളതിനാല്‍ ബാങ്ക് ട്രാന്‍സ്ഫര്‍ നടത്തിയെന്നാണ് പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. ബാങ്ക് ഉദ്യോഗസ്ഥര്‍ ശ്രദ്ധയുടെ മുംബൈ വിലാസത്തിലേക്ക് നോട്ടീസ് അയക്കാതിരിക്കാന്‍ അഫ്താബ് അവളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും അടച്ചിരുന്നു.
 

Share this story