പാലക്കാട് അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ തൂങ്ങി മരിച്ചു

crime


പാലക്കാട്: ഒറ്റപ്പാലത്തിന് സമീപം പാലപ്പുറത്ത് അമ്മയെ കഴുത്തറത്ത് കൊന്ന് മകൻ തൂങ്ങി മരിച്ചു. പാലപ്പുറം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. മകൻ വിജയകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്ന് രാവിലെയാണ് സരസ്വതിയമ്മയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും  മകൻ വിജയകൃഷ്ണനെ അതേ മുറിയിൽ തൂങ്ങി മരിച്ച നിലയിലും കാണുന്നത്.

ഇളയ മകൻ വിജയാനന്ദന്റെ വീട്ടിലായിരുന്നു ഇരുവരും കിടന്നിരുന്നത്. വിജയാനന്ദനും കുടുംബവും സ്ഥലത്ത് ഉണ്ടായിരുന്നില്ല. രാവിലെ വീട്ടിൽ നിന്നും രണ്ടു പേരുടെയും അനക്കമൊന്നും കേൾക്കാത്തതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്നവർ ഇളയ മകനെ വിവരമറിയിച്ചു. തുടർന്ന് നോക്കുമ്പോഴാണ് വീടിനുള്ളിൽ ഒരേ മുറിയിൽ രണ്ടു പേരും മരിച്ച നിലയിൽ കിടക്കുന്നത്. എന്താണ് കാരണമെന്നത് സംബന്ധിച്ച് വീട്ടുകാർക്കും സൂചനകളൊന്നുമില്ല.

സരസ്വതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ അത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. മകൻ വിജയകൃഷ്ണൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.  സരസ്വതിക്ക് മൂന്നു മക്കളാണുള്ളത്.

Share this story