പ്രതിശ്രുത വധുവിന്‍റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു : യുവതിയും കൂട്ടുകാരും ചേർന്ന് വരനെ അടിച്ചുകൊന്നു
arrest

ബംഗളൂരു: പ്രതിശ്രുത വധുവിന്‍റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് പങ്കുവെക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവ ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെട്ടുത്തി. ചെന്നൈ സ്വദേശിയായ ഡോ.വികാഷ് രാജൻ (27) ആണ് കൊല്ലപ്പെട്ടത്. വധുവും സുഹൃത്തുക്കളായ സുശീൽ, ഗൗതം, സൂര്യ എന്നിവർ ചേർന്നാണ് വികാഷിനെ കൊലപ്പെടുത്തിയത്.

വികാഷും യുവതിയും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. സുഹൃത്തിന്‍റെ പേരിൽ വ്യാജ അക്കൗണ്ട് ആരംഭിച്ച വികാഷ് യുവതിയുടെ നഗ്നചിത്രങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ചെന്ന് പ്രതികൾ ആരോപിച്ചു. ചിത്രങ്ങൾ ചെന്നൈയിലുള്ള തന്‍റെ സുഹൃത്തുക്കൾക്ക് വികാഷ് അയച്ച് നൽകുകയും ചെയ്തു. തുടർന്ന് സെപ്റ്റംബർ എട്ടിന് തന്‍റെ നഗ്നചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ട യുവതി വികാഷിനോട് ഇതിനെ പറ്റി ചോദിച്ചു. എന്നാൽ തമാശക്ക് ചെയ്തതാണെന്ന് പറഞ്ഞ് യുവാവ് ഒഴിഞ്ഞ് മാറി.

ഇരുവരും തമ്മിൽ തർക്കം രൂക്ഷമാവുകയും തുടർന്ന് യുവതി സുഹൃത്തിനെ വിവരമറിയിക്കുകയുമായിരുന്നു. വികാഷിനോട് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ യുവതിയും സുഹൃത്തുക്കളും ചേർന്ന് വീട്ടിലേക്ക് വിളിച്ച് വരുത്തി. തുടർന്ന് കുപ്പികളും ചൂലും ഉപയോഗിച്ച് വികാഷിനെ അവർ മർദിക്കുകയായിരുന്നു. എന്നാൽ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതികൾ പറഞ്ഞു.

പരിക്കേറ്റ് ബോധരഹിതനായ വികാഷിനെ ഇവർ തന്നെയാണ് ആശുപത്രിലെത്തിച്ചത്. തുടർന്ന് വികാഷിന്‍റെ സഹോദരനെ യുവതി വിവരമറിയിച്ചു. എന്നാൽ സുഹൃത്തുക്കൾ ചേർന്നുണ്ടായ തർക്കത്തിനിടെയാണ് പരിക്കേറ്റതെന്നാണ് യുവതി അറിയിച്ചതെന്ന് സഹോദരൻ പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ വികാഷ് സെപ്റ്റംബർ 14ന് മരണപ്പെട്ടു. പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.


 

Share this story