മോഷണക്കുറ്റം ആരോപിച്ച് കുടുംബത്തിന് നേരെ ആള്‍ക്കൂട്ട ആക്രമണം; തമിഴ്‌നാട്ടില്‍ പത്തുവയസുകാരി മരിച്ചു

Mob attackചെന്നൈ: തമിഴ്‌നാട്ടില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ കുടുംബത്തിലെ പത്തുവയസുകാരി ദാരുണമായി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ക്ഷേത്ര മോഷ്ടാക്കള്‍ എന്നാരോപിച്ച് ജനക്കൂട്ടം ആറംഗ കുടുംബത്തെ തല്ലിച്ചതച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി, പുതുക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതുക്കോട്ടയില്‍ ആറംഗ കുടുംബത്തെ ജനക്കൂട്ടം പിന്തുടര്‍ന്ന് ക്രൂരമായി ആക്രമിച്ചത്. ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടോടാന്‍ ശ്രമിച്ച ഇവരെ ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം തടഞ്ഞുവച്ച് മര്‍ദ്ദിച്ചു. പുതുക്കോട്ടയിലെ കിള്ളന്നൂര്‍ എന്ന ഗ്രാമത്തിനടുത്ത് വഴിയോരത്തെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന നാടോടിസംഘം ഇറങ്ങിയിട്ടുണ്ടെന്ന് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘടിച്ച ജനക്കൂട്ടം കല്ലും വടിയുമായി മോഷ്ടാക്കളെ തെരയാനിറങ്ങി. ഈ സമയത്ത് അതുവഴി കടന്നുപോയ ഓട്ടോറിക്ഷയില്‍ സ്ഥലത്ത് പരിചയമില്ലാത്തവരെ കണ്ടതോടെ ആള്‍ക്കൂട്ടം അക്രമാസക്തരായി.

കടലൂര്‍ വിരുദാചലം സ്വദേശി സത്യനാരായണ സ്വാമിയേയും കുടുംബത്തേയുമാണ് അക്രമി സംഘം ആക്രമിച്ചത്. കുടുംബത്തെയൊന്നാകെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. ആക്രമണം ഇവര്‍ തന്നെ മൊബൈലിലും പകര്‍ത്തി. ഒപ്പമുണ്ടായിരുന്ന കുട്ടിയേയും അക്രമികള്‍ വെറുതെ വിട്ടില്ല. പേടിച്ച് നോക്കി നില്‍ക്കുന്ന മറ്റൊരു കുട്ടിയെയും ദൃശ്യങ്ങളില്‍ കാണാം. വിവരമറിഞ്ഞെത്തിയ പൊലീസാണ് അടിയേറ്റ് അവശരായ കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചത്.

പരിക്കേറ്റ് ചികിത്സയിലിരിക്കെ സത്യനാരായണ സ്വാമിയുടെ പത്തുവയസുകാരി മകള്‍ കര്‍പ്പകാംബിക ഇന്നലെ മരിച്ചു. അക്രമിസംഘം ഒന്നാകെ ഒളിവിലാണ്. തെരച്ചില്‍ തുടരുകയാണെന്ന് പുതുക്കോട്ട ഗണേഷ് നഗര്‍ പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഇരയായ കുടുംബത്തില്‍ നിന്ന് കണ്ടെടുത്ത മോഷണമുതല്‍ എന്ന പേരില്‍ ഓട്ടുപാത്രങ്ങളുടേയും വിളക്കുകളുടേയും ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ നിജസ്ഥിതി സ്ഥിരീകരിച്ചിട്ടില്ല.

Share this story