കൊല്ലത്ത് 25 ഗ്രാം മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
arrest

ഓയൂർ: 25 ഗ്രാം മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആദിച്ചനല്ലൂർ ആൽത്തറ വീട്ടിൽ സനൽകുമാറി(38)നെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ ഓയൂർ ചുങ്കത്തറയിലെ ധനകാര്യ സ്ഥാപനത്തിൽ സ്വർണ മാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം നൽകി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

പ്രതി ആദ്യം മാലക്ക് ഒരു ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ 90,000 രൂപ നൽകാമെന്ന് പറഞ്ഞു. എന്നാൽ 80,000 രൂപ നൽകിയാൽ മതിയെന്ന് പ്രതി പറഞ്ഞതോടെ ജീവനക്കാർക്ക് സംശയം തോന്നി.

ഇതോടെ മാല സ്വർണമാണോയെന്ന് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണ് നൽകിയതെന്ന് ജീവനക്കാർ അറിയുന്നത്. വിവരം സ്റ്റേഷനിൽ അറിയിച്ചതോടെ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share this story