ഹണി ട്രാപ്പ് മോഡല്‍ തട്ടിപ്പ്; പണം തിരിച്ച് ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച് നഗ്‌നദൃശ്യം പകര്‍ത്തി

smartphone


കോഴിക്കോട് : കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് നഗ്‌ന ദൃശ്യങ്ങളെടുത്തു. കോഴിക്കോട് ബേപ്പൂരിലാണ് സംഭവം. ഹണി ട്രാപ്പ് രീതിയില്‍ തട്ടിപ്പ് നടത്തിയ യുവതിയുള്‍പ്പെടെ നാലുപേരെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 


ബേപ്പൂര്‍  ബി സി റോഡ്  പുതിയ നിലത്ത് ശ്രീജയും കൂട്ടുകാരായ നാല് യുവാക്കളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. പാളയത്ത് കച്ചവടം നടത്തുന്ന ഒളവണ്ണ സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. ശ്രീജയും പാളയത്ത് കച്ചവടക്കാരിയാണ്. 

നേരത്തെ ഇവര്‍ ഈ യുവാവില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. നിരവധി തവണ തുക മടക്കിച്ചോദിച്ചെങ്കിലും പണം തിരികെ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ശ്രീജയും സുഹൃത്തുക്കളായ അഖ്‌നേഷ്, പ്രണോഷ്, സുഹൈല്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. 


മര്‍ദ്ദിച്ച് നഗ്‌നനാക്കിയ ശേഷം ഫോട്ടോയും വീഡിയോയുമെടുത്തു. പുറത്തു പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും യുവാവ് നല്‍കിയ പരാതിയിലുണ്ട്.  

സംഭവ സമയത്ത് ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും ഇവര്‍ തട്ടിയെടുത്തു. പണം തിരികെ ചോദിച്ചതിലുളള വൈരാഗ്യമാണ് യുവാവിനെ വിളിച്ചു വരുത്തി മര്‍ദ്ദിക്കാനുളള കാരണമെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. സംഘത്തിലെ ഒരാളെകൂടി പിടികൂടാനുണ്ട് . ഇവര്‍ സമാനരീതിയില്‍ കൂടുതല്‍ ആളുകളില്‍ നിന്ന് പണം തട്ടിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് 

Share this story