അതിർത്തി കടന്ന് കർണാടകയിലേക്ക് മയക്കുമരുന്ന് ഒഴുക്ക്

google news
d,l,d

കാഞ്ഞങ്ങാട്: കർണാടകയുടെ അതിർത്തി ജില്ലയിലേക്ക് കാഞ്ഞങ്ങാട് വഴി മയക്കുമരുന്ന് ഒഴുകുന്നു. ആന്ധ്രയിൽനിന്ന് കഞ്ചാവും ഗോവ, കർണാടക സംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക് ലഹരികളും ജില്ലയിലെ അതിർത്തി വഴിയാണ് കേരളത്തിലേക്ക് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുണ്ട്.

ഇത്തരത്തിലെത്തുന്ന എം.ഡി.എം.എ മയക്കുമരുന്നുകളും കഞ്ചാവും വീണ്ടും ജില്ലയുടെ അതിർത്തി കടന്ന് കർണാടകയിലെത്തുന്നു. കർണാടകയിലെ കുടക്, സുള്ള്യ, മടിക്കേരി, ബാഗമണ്ഡല, കുശാൽനഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ മലയാളി ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ചെമ്പേരി വഴി ലഹരികടത്ത്. കുശാൽനഗർ, മടിക്കേരി, മൈസൂരു ടൂറിസ്റ്റ് കേന്ദ്രം ലക്ഷ്യമിട്ടും ലഹരി ഒഴുകുന്നുണ്ട്.

കാസർകോട് ജില്ലയിൽ നിന്നുമുള്ളവരാണ് കർണാടകയിലെ ലഹരി മാഫിയക്ക് പിന്നിലെന്നാണ് വിവരം. കാഞ്ഞങ്ങാട് സ്വദേശികളായ മൂന്നുപേരെ ലഹരി കടത്തിനിടെ ബാഗമണ്ഡലയിൽനിന്ന് കർണാടക പൊലീസ് പിടികൂടിയത് കഴിഞ്ഞയാഴ്ചയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നൂറു കണക്കിന് ലഹരികേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ജില്ലയിൽ ലഹരി വേട്ട ഊർജിതമാക്കിയതോടെ ലഹരി മാഫിയ ചുവട് മാറ്റിയെന്നാണ് സൂചന.

കർണാടകയും കാസർകോട് ജില്ലയുമായി ബന്ധപ്പെടാൻ 17 റോഡുകളുണ്ട്. ഇടവഴികൾ വേറെയും. തലപ്പാടി ദേശീയപാത, അടുക്കസ്ഥല അഡ്യാനടുക്ക റോഡ്, ആദൂർ- കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യ റോഡ്, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ് എന്നി അഞ്ച് റോഡുകളിലാണ് ചെക് പോസ്റ്റുകളും സ്ഥിരം പൊലീസ് പരിശോധനയുമുള്ളത്.

പൊലീസ് പരിശോധനയില്ലാത്ത മറ്റ് 12 അതിർത്തി റോഡുകൾ വഴി ജില്ലയിലേക്കും തിരിച്ചും ലഹരി കടത്താൻ എളുപ്പമാണ്. കാസർകോട് പൊലീസിനു പുറമെ കർണാടക പൊലീസും അതിർത്തികളിൽ പരിശോധന കർശനമാക്കിയാൽ ഇരുഭാഗത്തേക്കുമുള്ള മയക്കുമരുന്ന് കടത്ത് തടയാൻ ഒരുപരിധി വരെ സാധിക്കും.

Tags