പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരായ നടപടി പുനഃപരിശോധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

google news
paytm

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരായ നടപടി പുനഃപരിശോധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും പങ്കെടുത്തു

''പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികള്‍ ഒരു കാരണവശാലും പുനഃപരിശോധിക്കില്ലെന്ന് വളരെ വ്യക്തമായി പറയാം. ഇക്കാര്യത്തില്‍ വീണ്ടുവിചാരം ഉണ്ടാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, അത് ഉണ്ടാകില്ലെന്നും വ്യക്തമായിത്തന്നെ അറിയിക്കുന്നു'', ശക്തികാന്ത ദാസ് പറഞ്ഞു.

ഫെബ്രുവരി 29ന് ശേഷം പേടിഎം ബാങ്കിന്റെ സേവിങ്‌സ്/കറന്റ് അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗ്, നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കാനാകില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആര്‍ബിഐയുടെ നടപടി. രാജ്യത്തെ ഏറ്റവും വലിയ പേയ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് ഇതോടെ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ, ക്രെഡിറ്റ് ഇടപാടുകള്‍ അനുവദിക്കാനോ, യുപിഐ ഉള്‍പ്പെടെയുള്ള പണമിടപാടുകള്‍ നടത്താനോ സാധിക്കില്ല.

Tags