ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകള്‍ ചെറുക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്

rbi

ഇന്ന് ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകള്‍ വർധിച്ചുവരികയാണ്. ഈ  സാഹചര്യത്തില്‍ ഓൺലൈൻ പണമിടപാട് തട്ടിപ്പുകൾ തടയാൻ പദ്ധതികൾ ആവിഷ്കരിക്കുകയാണ് റിസര്‍വ് ബാങ്ക്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ഇപ്പോൾ. 

ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനും നടപടികളൊരുക്കുന്നതിനും സമിതിയെ നിയോഗിച്ചു. പണനയ സമിതിയുടെ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. തത്സമയമായി വിവരങ്ങള്‍ പങ്കിടാന്‍ കഴിയുന്ന, നെറ്റവര്‍ക്ക് തലത്തിലുള്ള ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായിരിക്കും ഒരുക്കുക.

നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുടെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന അഭയ ഹോതയാണ് സമതിയുടെ അധ്യക്ഷന്‍. എന്‍പിസിഐ, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ടാകും. റേസര്‍പേയിലെ ചീഫ് ഇന്നൊവേഷന്‍ ഓഫീസര്‍ ആരിഫ് ഖാന്‍, വിസയുടെ റിസ്‌ക് വിഭാഗം മേധാവി വിപിന്‍ സുലേലിയ, ജൂപ്പിറ്ററിന്റെ സ്ഥാപകന്‍ ജിതേന്ദ്ര ഗുപ്ത, യൂറോനെറ്റിന്റെ മാനേജിങ് ഡയറക്ടര്‍ പ്രണയ് ജാവേരി എന്നിവരും അംഗങ്ങളാണ്.


 

Tags