എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ 46-മത് ഡെസ്റ്റിനേഷനായി അഗര്‍ത്തല ; കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ വണ്‍ സ്‌റ്റോപ്പായി പറക്കാം

Air India Express with more flight services from Kerala
Air India Express with more flight services from Kerala

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് ത്രിപുരയിലെ അഗർത്തലയിലേക്ക് കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നും നേരിട്ടും ഡൽഹിയിൽ നിന്ന് വൺ സ്റ്റോപ്പായും പ്രതിദിന വിമാന സർവീസുകൾ ആരംഭിക്കുന്നു. ഇതോടെ കൊച്ചിയിൽ നിന്നും അഗർത്തലയിലേക്ക് വണ്‍ സ്റ്റോപ് വിമാനയാത്ര സാധ്യമാകും. സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിമാന സർവീസിനായുള്ള ബുക്കിംഗ് എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ് ഫോമുകളിലും ആരംഭിച്ചു.

കൊച്ചിയില്‍ നിന്നും ആഴ്ച തോറും 106 വിമാന സര്‍വ്വീസുകളാണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്. അബുദാബി, ബഹ്‌റൈന്‍, ബംഗളൂരു, കൊല്‍ക്കത്ത, ഡല്‍ഹി, ദമാം, ദോഹ, ദുബൈ, ഹൈദരാബാദ്‌, കുവൈറ്റ്‌, മസ്‌ക്കറ്റ്‌, റിയാദ്‌, ഷാര്‍ജ, സലാല, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക്‌ നേരിട്ടും അഗർത്തല, അയോധ്യ, ഭുവനേശ്വര്‍, മുംബൈ, ഗുവാഹത്തി, ഗോവ, ഗ്വാളിയര്‍, ഇന്‍ഡോര്‍, ബാഗ്‌ഡോഗ്ര, മംഗളൂരു, റാഞ്ചി, ജയ്‌പൂര്‍, ജിദ്ദ, ലഖ്‌നൗ, ചെന്നൈ, പൂനെ, സൂറത്ത്‌, വിജയവാഡ, വാരാണസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക്‌ വണ്‍ സ്‌റ്റോപ്‌ സര്‍വീസുകളും ലഭ്യമാണ്‌.

ഗുവാഹത്തി, ബാഗ്ഡോഗ്ര, ഇംഫാൽ തുടങ്ങിയ സ്ഥലങ്ങൾക്ക് ശേഷം അഗർത്തലയിലേക്ക് കൂടി സർവീസ് ആരംഭിക്കുന്നതിലൂടെ ഇന്ത്യയുടെ വടക്ക്-കിഴക്കൻ മേഖലയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ സാധിച്ചുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്‌ടർ അലോക് സിംഗ് പറഞ്ഞു. രാജ്യത്തെ ഇടത്തരം നഗരങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതി, വ്യാപാരം, ടൂറിസം എന്നിവയുടെ വളർച്ചയ്ക്ക് വഴിയൊരുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അഗർത്തലയിൽ നിന്നും ആഴ്ചയിൽ 14 വിമാന സർവീസുകളുണ്ട്. ഗുവാഹത്തിയിൽ നിന്നും അഗർത്തല, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, ഇംഫാൽ, ജയ്‌പൂർ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന് ആഴ്ചയിൽ നേരിട്ടുള്ള 77 സർവീസുകളുണ്ട്. കോഴിക്കോട്, അയോധ്യ, ഗോവ, ഗ്വാളിയോർ, പുനെ എന്നിവയുള്‍പ്പെടെയുള്ള 20 കേന്ദ്രങ്ങളിലേക്ക് വണ്‍-സ്റ്റോപ് ആഭ്യന്തര സർവീസുകളും ബഹ്റൈൻ, ദമ്മാം, സിംഗപ്പൂർ, ഷാർജ എന്നിവിടങ്ങളിലേക്ക് വണ്‍-സ്റ്റോപ് അന്താരാഷ്ട്ര സർവീസുകളും നടത്തുന്നുണ്ട്.

എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ടിക്കറ്റെടുക്കുന്ന ലോയല്‍റ്റി അംഗങ്ങള്‍ക്ക് പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, എക്‌സ്പ്രസ് എഹെഡ് മുൻഗണന ചെക്ക്- ഇൻ, ബോർഡിംഗ്- ബാഗേജ് സേവനം തുടങ്ങിയവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരര്‍, ചെറുകിട ഇടത്തരം സംരംഭകര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും പ്രത്യേക കിഴിവിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ക്യാബിൻ ബാഗേജ് മാത്രമുള്ള യാത്രക്കാർക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് എടുക്കാം.

Tags