ഐടി കയറ്റുമതിയില്‍ ഇന്‍ഫോപാര്‍ക്കിന് 24.28 ശതമാനം വളര്‍ച്ചാ നിരക്ക്

24.28 percent growth rate for Infopark in IT exports
24.28 percent growth rate for Infopark in IT exports

കൊച്ചി: സംസ്ഥാനത്തിന്‍റെ ഐടി കയറ്റുമതിയില്‍ മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കി ഇന്‍ഫോപാര്‍ക്ക്. കഴിഞ്ഞസാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ഐടി കയറ്റുമതി 24.28 ശതമാനം വര്‍ധിച്ചു. 2023-24 വര്‍ഷത്തെ കയറ്റുമതി വരുമാനം 11,000 കോടി കടന്ന് 11,417 കോടി രൂപയിലെത്തി.

എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 3000 കോടി രൂപയായിരുന്നു ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ഐടി ഉത്പന്ന കയറ്റുമതിയുടെ മൂല്യം. അന്ന് 328 കമ്പനികളും 32,800 ജീവനക്കാരും 70 ലക്ഷം ബില്‍ട്ട് അപ് സ്ഥലവുമായിരുന്നു ഇന്‍ഫോപാര്‍ക്കിനുണ്ടായിരുന്നത്. എന്നാല്‍ എട്ടു വര്‍ഷത്തിനിപ്പുറം 582 കമ്പനികളിലായി 70,000 ലേറെ ജീവനക്കാരും 92.62 ലക്ഷം ചതുരശ്രയടി ബില്‍ട്ട് അപ് സ്ഥലവുമാണ് ഇന്‍ഫോപാര്‍ക്കിലുള്ളത്.

കൊവിഡ് പ്രതിസന്ധി മൂലം ലോകമെമ്പാടും യുദ്ധകാലാടിസ്ഥാനത്തില്‍ നടന്ന ഡിജിറ്റലൈസേഷന്‍ അവസരങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ഇന്‍ഫോപാര്‍ക്കിലെ കമ്പനികള്‍ക്കായി എന്ന് സിഇഒ സുശാന്ത് കുറുന്തില്‍ ചൂണ്ടിക്കാട്ടി. ഇതു മൂലം കമ്പനികളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. എട്ടു വര്‍ഷം കൊണ്ട് ഇരട്ടിയിലധികം തൊഴിലവസരങ്ങളാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്.

കൊവിഡ് പ്രതിസന്ധി മൂലം നൂതന ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കമ്പനികള്‍ പരമാവധി പരിശ്രമിച്ചു. ഇക്കാലയളവില്‍ ഐടി കമ്പനികളിലെ ഡിമാന്‍റും ഏറെ കൂടുതലായിരുന്നു. മാറുന്ന സാങ്കേതികവിദ്യയ്ക്കനുസരിച്ച് ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും അവസരത്തിനൊത്തുയരുന്നതിനും ഇന്‍ഫോപാര്‍ക്കിലെ ഐടി ആവാസവ്യവസ്ഥ കാണിച്ച താത്പര്യം ഈ നേട്ടത്തിനു പിന്നിലുണ്ടെന്നും സുശാന്ത് കുറുന്തില്‍ പറഞ്ഞു.

കൊവിഡ് കാലത്ത് ഇന്‍ഫോപാര്‍ക്ക് മികച്ച നേട്ടമാണ് ഐടി കയറ്റുമതിയില്‍ രേഖപ്പെടുത്തിയിരുന്നത്. 2020-21 ല്‍ 6,310 കോടി രൂപ(21.35 ശതമാനം), 2021-22 ല്‍ 8,500 കോടി രൂപ(34.7 ശതമാനം) 2022-23 ല്‍ 9,186 കോടി രൂപ(8.07 ശതമാനം), എന്നിങ്ങനെയായിരുന്നു നിരക്ക്.

 കാക്കനാടുള്ള ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്ന്, ഫേസ് രണ്ട് എന്നിവ കൂടാതെ കൊരട്ടിയില്‍ ഇന്‍ഫോപാര്‍ക്ക് തൃശൂര്‍, ആലപ്പുഴ ജില്ലയില്‍ ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല  എന്നീ കാമ്പസുകളുണ്ട്. 87.46 ലക്ഷം ചതുരശ്രയടി സ്ഥലമാണ് ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലും രണ്ടിലും കൂടിയുള്ളത്. 67,000 നടുത്ത് ഐടി ജീവനക്കാരാണ് ഇവിടെയുള്ളത്. ഫേസ് ഒന്നിലും രണ്ടിലുമായി 503 കമ്പനികളാണുള്ളത്. കൊരട്ടി കാമ്പസില്‍ 58 കമ്പനികളും 2000 ല്‍പ്പരം ജീവനക്കാരുമാണുള്ളത്. ചേര്‍ത്തല കാമ്പസില്‍ 21 കമ്പനികളും 300 ല്‍പരം ഐടി ജീവനക്കാരുമുണ്ട്.

Tags