ഫെഡറല്‍ ബാങ്കിന്റെ 93-ാമത് വാര്‍ഷിക പൊതുയോഗം നടത്തി

Federal Bank
Federal Bank


കൊച്ചി:  ഫെഡറല്‍ ബാങ്കിന്റെ ഓഹരി ഉടമകളുടെ 93-ാമത് വാര്‍ഷിക പൊതുയോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തി. ബാങ്ക് ചെയര്‍മാന്‍ എ പി ഹോത്ത അധ്യക്ഷത വഹിച്ചു.  2023-2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഓഡിറ്റു ചെയ്ത സാമ്പത്തിക ഫലവും ഓഹരിയൊന്നിന് 60 ശതമാനം നിരക്കില്‍ 1.20 രൂപ ലാഭവിഹിതം നല്‍കാനുള്ള തീരുമാനവും യോഗം അംഗീകരിച്ചു.  ബോണ്ട് വഴി ആറായിരം കോടി രൂപ സമാഹരിക്കാനും യോഗം അംഗീകാരം നല്‍കി.   2024 സെപ്റ്റംബര്‍ 23 മുതല്‍ മൂന്നു വര്‍ഷത്തേക്ക് കൃഷ്ണന്‍ വെങ്കിട  സുബ്രഹ്‌മണ്യനെ മാനേജിങ് ഡയറക്ടറും സിഇഒയുമായി നിയമിക്കല്‍, ബാങ്ക് ഡയറക്ടറായുള്ള ശാലിനി വാര്യരുടെ പുനര്‍നിയമനം, നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പ്രതിഫലം പ്രതിവര്‍ഷം 20 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയാക്കി ഉയര്‍ത്തല്‍, ശാലിനി വാര്യര്‍ക്കും ഹര്‍ഷ് ദുഗറിനും പെര്‍ഫോര്‍മന്‍സ് ലിങ്ക്ഡ് ഇന്‍സന്റീവ് നല്‍കല്‍  തുടങ്ങിയവയ്ക്കും യോഗം അംഗീകാരം നല്‍കി.

ബാങ്കിന്റെ ലാഭം 3800 കോടി രൂപയിലേക്കും ആകെ ബിസിനസ് നാലു ലക്ഷം കോടി രൂപയിലേക്കും ഉയര്‍ത്തുന്ന വിധത്തില്‍ നടത്തിയ മികച്ച പ്രകടനത്തെ കുറിച്ച് ചെയര്‍മാന്‍ എ പി ഹോത്ത ഓഹരി ഉടമകളോടു വിശദീകരിച്ചു.  ബിസിനസിന്റെ വലുപ്പത്തില്‍ മാത്രമല്ല, സേവന നിലവാരത്തിലും ഇടപാടുകാര്‍ക്കുള്ള  നേട്ടത്തിന്റെ കാര്യത്തിലും സുസ്ഥിര നേട്ടങ്ങളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിലും ബാങ്ക് മികവു നേടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സഞ്ജീവിനി പോലുള്ള  ബാങ്കിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നിരവധി പേരുടെ ജീവിതത്തില്‍ മികച്ച സ്വാധീനം ചെലുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഹരി ഉടമകളോട് നന്ദി പറയവേ,  ബാങ്കിന്റെ ജീവനക്കാരുടെ എണ്ണം ഇരട്ടിയും സാന്നിധ്യം മൂന്നിരട്ടിയും ഇടപാടുകാരുടെ എണ്ണം നാലിരട്ടിയും മാര്‍ക്കറ്റ് ക്യാപ്പും അറ്റമൂല്യവും മികച്ചരീതിയിലും  ഉയര്‍ന്നതിലൂടെ രാജ്യത്തെ മുന്‍നിര ബാങ്കുകളിലൊന്നായി ഫെഡറല്‍ ബാങ്ക് മാറിക്കഴിഞ്ഞു എന്ന്  മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രയോജനപ്പെടുത്തി ബാങ്കിന്റെ ആകെ ബിസിനസ് അഞ്ചു ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തേക്കും തുടര്‍ന്നും ഉള്ള പദ്ധതികള്‍ അദ്ദേഹം വിവരിച്ചു. രാജ്യത്തെ ഏറ്റവും വലിയ അഞ്ചു ബാങ്കുകളിലൊന്നായി ബാങ്കിനെ മാറ്റും. ഫിസിക്കല്‍, ഡിജിറ്റല്‍ വികസനങ്ങളില്‍ ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കും. അടുത്തിടെ ബാങ്ക് അവതരിപ്പിച്ച ചിരിച്ചു കൊണ്ട് പണമടക്കല്‍ നടത്താവുന്ന ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംവിധാനമായ സ്മൈല്‍ പേയെ കുറിച്ചും അദ്ദേഹം വിവരിച്ചു.
 

Tags