കർഷകർക്ക് തിരിച്ചടി; കൊട്ടടയ്ക്ക വില കുറയുന്നു
കൊയിലാണ്ടി: കർഷകർക്ക് കനത്ത തിരിച്ചടി നൽകി കൊട്ടടയ്ക്ക വില കുറയുന്നു. ഈ സീസണിൽ കിലോയ്ക്ക് 350 രൂപവരെ ലഭിച്ചിരുന്ന സ്ഥാനത്ത് 300-305 രൂപയാണ് ഇപ്പോൾ വില. നാലുവർഷംമുൻപുള്ള വിലയിലേക്ക് കൊട്ടടയ്ക്കവില താഴുന്നത് കർഷകരെസംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. രണ്ടുവർഷംമുൻപ് 450-നും അഞ്ഞൂറുരൂപയ്ക്കും ഇടയിൽ അടയ്ക്കക്ക് വില ലഭിച്ചിരുന്നു. വിലകൂടിയതോടെ കവുങ്ങുകൃഷിയിലേക്ക് ധാരാളം കർഷകർ ഇറങ്ങിയിരുന്നു.
വിദേശ അടയ്ക്കയുടെ ഇറക്കുമതിയാണ് സംസ്ഥാനത്തെ കവുങ്ങ് കർഷകരെ ബാധിച്ചത്. വിവിധ വിദേശരാജ്യങ്ങളിൽനിന്ന് വൻതോതിലാണ് അടയ്ക്ക ഇറക്കുമതിചെയ്യുന്നതെന്ന് ഈ മേഖലയിലെ വ്യാപാരികൾ പറയുന്നു.
മ്യാൻമാർ, ശ്രീലങ്ക, ഇൻഡൊനീഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതിചെയ്യുന്ന അടയ്ക്ക പാൻമസാലവ്യവസായികൾ വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. വിദേശ ഇറക്കുമതിക്ക് കടിഞ്ഞാണിടാൻ കേന്ദ്രം തയ്യാറായാൽമാത്രമേ ഉത്പാദകർക്ക് പിടിച്ചുനിൽക്കാനാവുകയുള്ളൂ.
കഴിഞ്ഞവർഷം ശേഖരിച്ച് ഉണക്കിസൂക്ഷിച്ച അടയ്ക്കയാണ് കർഷകർ ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തോടെ പുതിയ അടയ്ക്ക വിപണിയിൽ എത്തിത്തുടങ്ങും. അപ്പോഴേക്കും ഇനിയും വിലകുറഞ്ഞേക്കുമെന്ന ആശങ്ക കർഷകർക്കുണ്ട്.
കവുങ്ങിൽക്കയറി അടയ്ക്ക ശേഖരിക്കാൻ കയറ്റക്കാരെ കിട്ടാത്തതും വളക്കുറവു മൂലമുള്ള ഉത്പാദനക്കുറവും കവുങ്ങിന് വരുന്ന പലവിധരോഗങ്ങളും കർഷകർ അനുഭവിക്കുന്ന മറ്റ് പ്രശ്നങ്ങളാണ്. ജില്ലയിൽ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, കായക്കൊടി, കുറ്റ്യാടി, കിനാലൂർ, ബാലുശ്ശേരി, പൂനൂര്, പേരാമ്പ്ര, കൂരാച്ചുണ്ട് ഭാഗങ്ങളിൽ കവുങ്ങുകൃഷി നന്നായുണ്ട്.
മഹാളി, ഇലമഞ്ഞളിപ്പ്, കൂമ്പുചീയൽ, കായ്ചീയൽ, ചുവടുചീയൽ, ചെന്നിരൊലിപ്പ്, പൂങ്കുലയുണങ്ങൽ എന്നിവയും കവുങ്ങുകൃഷിക്ക് വെല്ലുവിളിയാണ്.