വിനിമയ വിപണിയിൽ വീണ്ടും രൂപക്ക് തകർച്ച
ruppe

മുംബൈ: ഡോളറിനെതിരെ വീണ്ടും രൂപക്ക് തകർച്ച. 27 പൈസ നഷ്ടമാണ് രൂപക്ക് ഇന്നുണ്ടായത്. 78.80 രൂപയിലാണ് ഇന്ത്യൻ കറൻസിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 78.70ത്തിലാണ് വ്യാപാരം ആരംഭിച്ചത്.

തുടർന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 78.80ത്തിലേക്ക് ഇടിയുകയായിരുന്നു. കഴിഞ്ഞ ദിവസം 53 പൈസയുടെ നേട്ടം രൂപയുണ്ടാക്കിയിരുന്നു. 11 മാസത്തിനിടെ ഒരു ദിവസമുണ്ടായ ഏറ്റവും വലിയ നേട്ടമായിരുന്നു ഇത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഉയർന്നനിരക്കിൽ രൂപ വ്യാപാരം അവസാനിപ്പിച്ചതും ചൊവ്വാഴ്ചയാണ്.

അതേസമയം, ബ്രെന്റ് ക്രൂഡിന്റെ വില കുറയുന്നത് വരും ദിവസങ്ങളിൽ രൂപക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെന്റിന്റെ ഭാവി വിലകൾ 0.42 ശതമാനം ഇടിഞ്ഞ് 100.12 ഡോളറിലെത്തി. വിദേശനിക്ഷേപകർ ആഭ്യന്തര വിപണിയിൽ കാണിക്കുന്ന താൽപര്യവും ഇന്ധനവിലയും വരും ദിവസങ്ങളിലും രൂപക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ജൂലൈമാസത്തെ കയറ്റുമതി സംബന്ധിച്ച ഡാറ്റയും രൂപയുടെ മൂല്യത്തെ സ്വാധീനിക്കും.

Share this story