വിതരണ ശൃംഖലയും സാങ്കേതികവിദ്യയും മെച്ചപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കണം: വിദഗ്ധര്‍

google news
gfh

തിരുവനന്തപുരം: വ്യാവസായിക ജൈവസാങ്കേതികമേഖലയില്‍ ഇന്ത്യയെ മികച്ചതാക്കുന്നതിന് കാര്യക്ഷമമായ വിതരണ ശൃംഖലയും സാങ്കേതികവിദ്യയും മെച്ചപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സിഎസ്ഐആര്‍- എന്‍ഐഐഎസ്ടി യില്‍ നടന്ന ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വ്യാവസായിക മേഖലയില്‍ ജൈവസാങ്കേതികവിദ്യയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് വിദഗ്ധര്‍ അഭിപ്രായപ്രകടനം നടത്തിയത്.

കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സി.എസ്.ഐ.ആര്‍) കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ നടക്കുന്ന വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായി പാപ്പനംകോട് സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി യില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്.
 
സി എസ് ഐ ആര്‍-എന്‍ ഐ ഐ എസ് ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ ചര്‍ച്ചയില്‍ അധ്യക്ഷനായിരുന്നു. സി എസ് ഐ ആര്‍-എന്‍ ഐ ഐ എസ് ടി യില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യാ ഉല്പന്നങ്ങളെ സമൂഹത്തെ പരിചയപ്പെടുത്താനും പ്രയോജനപ്പെടുത്താനുമാണ് മില്ലറ്റ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളിലൂടെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ച് ഗവേഷണപരിപാടികള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎസ്ഐആര്‍-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ഡയറക്ടര്‍ ഡോ. അഞ്ജന്‍ റേ സെഷന്‍ ഉദ്ഘാടനം ചെയ്തു. പുതിയ സാങ്കേതികവിദ്യകളിലൂടെ ലഭിക്കുന്ന ഉല്പന്നങ്ങളും സേവനങ്ങളും എല്ലായ്പ്പോഴും നിലവിലുള്ളവയേക്കാള്‍ മികച്ച ബദല്‍ രൂപപ്പെടുത്താന്‍ കഴിയുന്നവയാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പുതിയ ഉല്പന്നമോ സാങ്കേതിക വിദ്യയോ സേവനമോ വികസിപ്പിക്കുമ്പോള്‍ അവയുടെ പ്രകടനം, ലഭ്യത, വില, സുസ്ഥിരത എന്നിവ ഉറപ്പാക്കണം. വിപണി ഉറപ്പാക്കുന്നതിന് ഉല്പന്നങ്ങളുടെ വിതരണ ശൃംഖല വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
500 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം പാഴാകുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 350 ദശലക്ഷം ടണ്‍ കാര്‍ബണിന്‍റെ ഇറക്കുമതി പ്രതിവര്‍ഷം ഇന്ത്യയില്‍ നടക്കുന്നു. വ്യാവസായിക മേഖലയില്‍ ബയോടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ച് കാര്‍ബണിനെ ഉപയോഗപ്രദമായ ഉല്പന്നങ്ങളാക്കി മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഒപിഎന്‍ജി വര്‍ക്കിംഗ് ഗ്രൂപ്പ് ബയോഫ്യുവല്‍സ് മുന്‍ ചെയര്‍മാന്‍ ഡോ. വൈ ബി. രാമകൃഷ്ണ ചര്‍ച്ചയില്‍ സംസാരിച്ചു. നിലവില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് ഏറെക്കുറേ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാറിന് കഴിയണം. പാഴായിപ്പോകുന്ന ഭക്ഷ്യധാന്യങ്ങള്‍, ഭൂമി, മാലിന്യങ്ങള്‍ എന്നിവ ജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രോട്ടീന്‍ സമ്പുഷ്ടമായ വിളകള്‍, ഭക്ഷ്യ എണ്ണ, കാലിത്തീറ്റ എന്നിവ കൃഷി ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താനാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. ഗിരീഷ് മഹാജന്‍ (സീനിയര്‍ വൈസ് പ്രസിഡന്‍റ്-മൈക്രോബിയല്‍ ഡിവിഷന്‍, ഹിമീഡിയ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ മുംബൈ), രഞ്ജിത്ത്, ശ്രീനാഥ് (ഹൈദരാബാദ് അഡോബ് ബയോടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹൈദരാബാദ്), ഡോ. രാജശ്രീ ഡി കാംബ്ലെ (ബംഗളൂരു നോറിഷ് ഫുഡ്സ് ടെക് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ഡയറക്ടര്‍), ഡോ. ജെ ബി. വെങ്കട്ടകൃഷ്ണന്‍ (ക്വാവാക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റേയും നോറിഷ് ഫുഡ്സ് ടെക് പ്രൈവറ്റ് ലിമിറ്റഡിന്‍റേയും ഡയറക്ടര്‍),  ഡോ. അശോക് കുമാര്‍ ദുബെ (പൂനെ ടാറ്റ കെമിക്കല്‍സ് ലിമിറ്റഡ് ഇന്നൊവേഷന്‍ സെന്‍ററിലെ ലീഡ്-ന്യൂട്രിഷന്‍ ആന്‍ഡ് ബയോസയന്‍സസ്,സീനിയര്‍ സയന്‍റിസ്റ്റ് ), യുഗല്‍ രാജ് ജെയിന്‍ ( ബാംഗ്ലൂര്‍ ആള്‍ട്ട്എം സഹസ്ഥാപകന്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. രാജീവ് കെ സുകുമാരന്‍, എന്‍ഐഐഎസ്ടി എം പി ടി ഡി പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ.ബിനോദ് പരമേശ്വരന്‍ എന്നിവര്‍ മോഡറേറ്ററായിരുന്നു.

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയിലെ മൈക്രോബിയല്‍ പ്രോസസ് ആന്‍ഡ് ടെക്നോളജി വിഭാഗം മേധാവി ഡോ. കെ മാധവന്‍ നമ്പൂതിരി സ്വാഗതവും എന്‍ഐഐഎസ്ടി എംപിടിഡി പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. എന്‍ രമേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Tags