കുതിച്ചുയർന്ന് പച്ചത്തേങ്ങ വില


വടകര : കഴിഞ്ഞ ദിവസം വിപണിയിൽ 56 രൂപയായിരുന്ന പച്ചത്തേങ്ങയുടെ വില തിങ്കളാഴ്ച കിലോക്ക് 58 രൂപയായി വർധിച്ചു. ചില്ലറ വിൽപന ഗ്രാമപ്രദേശങ്ങളിൽ വില 60 രൂപയും നഗരത്തിൽ 62ന് മുകളിലും എത്തിയിട്ടുണ്ട്. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞ കാലങ്ങളിലുണ്ടായ വിലയിടിവ് കർഷകരെ നാളികേര കൃഷിയിൽ നിന്നും പിന്നോട്ടടിപ്പിച്ചിരുന്നു. ഉൽപാദന ചെലവ് വർധിച്ചതോടെ പലരും പരിപാലത്തിനുവേണ്ട പരിഗണനയും നൽകിയിരുന്നില്ല. ഇതുമൂലം നാളികേര ഉൽപാദനത്തിൽ വൻ ഇടിവ് നേരിട്ട്. കിലോക്ക് 25ഉം 30രൂപ വരെ പച്ചത്തേങ്ങക്ക് ലഭിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇതോടെയാണ് കർഷകർ കൃഷിയിൽ നിന്നും പിന്നോട്ടുപോയത്. കൂടാതെ വന്യമൃഗശല്യവും കർഷകർക്ക് ഇരുട്ടടിയായി മാറി. പച്ചത്തേങ്ങക്കൊപ്പം രാജാപ്പൂർ (സംസ്കരിച്ച കൊപ്ര) വിലയും വർധിച്ചിട്ടുണ്ട്.
