ബയോ ഇ3 നയം; ആറുവര്‍ഷം കൊണ്ട് 25 ലക്ഷം കോടി രൂപയായി ബയോ ഇക്കോണമി മാറും
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ബയോ ഇ3 നയം വഴി ബയോ സാമ്പത്തിക മേഖലയിലേക്ക് എത്തുന്നത് വന്‍തോതിലുള്ള നിക്ഷേപസാധ്യതകളും നൂതനത്വ അവസരങ്ങളുമാണെന്ന് ശാസ്ത്രസമൂഹം അഭിപ്രായപ്പെട്ടു. 2030 ആകുമ്പോഴേക്കും ഈ മേഖല 25 ലക്ഷം കോടി രൂപയുടെ വളര്‍ച്ച നേടുമെന്നും രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) നടത്തിയ ചര്‍ച്ചയില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ബയോ ഇ3 നയം കേരളത്തില്‍ നടപ്പാക്കാന്‍ ആര്‍ജസിബി മുന്‍കയ്യെടുക്കുമെന്ന് ഡയറക്ടര്‍ ചന്ദ്രഭാസ് നാരായണ അറിയിച്ചു. പുതിയ നയത്തെക്കുറിച്ച് ഗവേഷണ-വ്യവസായ-സംരംഭക-സ്റ്റാര്‍ട്ടപ്പ് സമൂഹങ്ങളില്‍ പ്രചാരണം നല്‍കുന്നതിന് ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ഗവേഷണ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്താനും അതുവഴി ഉത്പാദനക്ഷമത കൂട്ടാനുമാണ് കേന്ദ്രസര്‍ക്കാര്‍ ബയോ ഇ3 നയം അവതരിപ്പിച്ചത്. പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, തൊഴിലവസരം എന്നിവയിലൂന്നിയാണ് നയം രൂപീകരിച്ചത്.
2014 ല്‍ 84,000 കോടി (10 ബില്യണ്‍ ഡോളര്‍) രൂപയായിരുന്നു ഈ മേഖലയുടെ സംഭാവന. എന്നാല്‍ അത് 2024 ല്‍ പത്ത് ലക്ഷം കോടി (130 ബില്യണ്‍ ഡോളര്‍) രൂപയുടെതായി മാറി. പുതിയ നയം പ്രാബല്യത്തില്‍ വരുമ്പോള്‍ അത് 25 ലക്ഷം കോടി രൂപയുടേതായി മാറുമെന്നാണ് കണക്ക് കൂട്ടല്‍.
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിലെ ടിടിഐ മേധാവി പ്രവീണ്‍ റോയി, സയന്‍റിസ്റ്റുകളായ പ്രമോദ് എസ്, ശാര്‍ദൂല്‍ റാവു, ആര്‍ജിസിബി സീനിയര്‍ സയന്‍റിസ്റ്റ് ഡോ. സന്തോഷ് കുമാര്‍, ബയോനെസ്റ്റ് സിഇഒ ഡോ. കെ അമ്പാടി, വിവിധ സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ തുടങ്ങിയവരാണ് കൊച്ചിയിലെ ആര്‍ജിസിബിയുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ക്രിബ്സ് ബയോനെസ്റ്റില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തത്.
ബയോ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കും വലിയ അവസരമാണ് ഇതുവഴി കൈവന്നിരിക്കുന്നതെന്ന് ഡോ. പ്രവീണ്‍ റോയി പറഞ്ഞു. രാസപദാര്‍ഥങ്ങളിലൂന്നിയ ഉത്പാദനമേഖയില്‍ നിന്ന് ജൈവരാസവസ്തുക്കളിലേക്കുള്ള മാറ്റം ഏറെ പ്രധാനമാണ്. ഇതു വഴി കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യത്തിലേക്കെത്താനുള്ള രാജ്യത്തിന്‍റെ യാത്ര ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബയോ ഇക്കോണമി, ബയോ മാനുഫാക്ചറിംഗ്, ബയോ എഐ എന്നിവ പുതിയ നയത്തിന്‍റെ ഭാഗമായി നിലവില്‍ വരും. ജീന്‍ തെറാപ്പി, ഭക്ഷ്യസംസ്ക്കരണം തുടങ്ങിയ മേഖലയിലും ഭീമമായ ഡാറ്റ വിശകലനത്തിലും ബയോ എഐ ഹബ്ബുകള്‍ സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബയോ ഇ3 നയവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഡോ. സന്തോഷ് കുമാര്‍ പാനലില്‍ വിശദീകരിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട-മധ്യവര്‍ഗ വ്യവസായങ്ങള്‍ക്കും ഏറെ സാധ്യതകളാണുള്ളത്. ഗവേഷണ മേഖലയും വ്യവസായ സംരംഭങ്ങളുമായുള്ള സഹകരണം വിപ്ലവകരമായ മാറ്റമാണ് കൊണ്ടു വരാന്‍ പോകുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തം നിലവിലുള്ള പല പ്രായോഗിക ബുദ്ധിമുട്ടുകളും തരണം ചെയ്യാന്‍ സംരംഭങ്ങളെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബയോ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗ്, ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണം, വിവിധ അനുമതികള്‍, നൂതനത്വം തുടങ്ങിയ വിഷയങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും വിദഗ്ധര്‍ മറുപടി നല്‍കി.