ആമസോണിലെ കൂട്ടപിരിച്ചുവിടല്‍ അടുത്ത വര്‍ഷം വരെ നീളുമെന്ന് റിപ്പോര്‍ട്ട്

amazon

ആമസോണിലെ കൂട്ടപിരിച്ചുവിടല്‍ അടുത്ത വര്‍ഷം വരെ നീളുമെന്ന് റിപ്പോര്‍ട്ട്. സിഇഒ ആന്‍ഡി ജാസി തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടലിനെക്കുറിച്ച് കമ്പനി തന്നെ തങ്ങളുടെ ജീവനക്കാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട് പറയുന്നത്. 

'ഒന്നരവര്‍ഷമായി ഞാന്‍ ഈ സ്ഥാനത്തെത്തിയിട്ട്. ഈ കാലയളവിനിടയില്‍ എടുക്കേണ്ടി വന്ന കഠിനമായ തീരുമാനമാണിത്'- ജാസി മെമ്മോയില്‍ കുറിച്ചു. സിയാറ്റില്‍ ആസ്ഥാനമായുള്ള ആമസോണ്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ ബിസിനസിന്റെ വിവിധ മേഖലകളിലെ ചെലവ് ചുരുക്കിക്കൊണ്ടിരിക്കുകയാണ്. മറ്റ് സാങ്കേതിക കമ്പനികളില്‍ പലതും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നുണ്ട്. ആമസോണ്‍ തങ്ങളുടെ ജീവനക്കാരില്‍ എത്ര പേരെ പിരിച്ചുവിട്ടുവെന്നത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. പിരിച്ചുവിടല്‍ ഏതൊക്കെ മേഖലകളെ ബാധിക്കുമെന്നതിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ഒന്നും വന്നിട്ടില്ല. 

കമ്പനി വിടുന്ന ജീവനക്കാര്‍ക്ക് ആമസോണ്‍ സെവേറന്‍സ് പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള 'കോര്‍പ്പറേറ്റ് ആന്റ് ടെക്‌നോളജി'യിലെ 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.


 ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോണ്‍.  കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടല്‍ ആയിരിക്കും ആമസോണില്‍ നടക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. 


കൊവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാന്‍ഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന.  നേരത്തെ ആമസോണിന് ഒരു ലക്ഷം കോടി ഡോളര്‍ അഥവാ ഇന്ത്യന്‍ രൂപ ഏകദേശം 81 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നിരുന്നു. ഇത്രയും തുകയുടെ നഷ്ടമുണ്ടാകുന്ന ആദ്യത്തെ പൊതുമേഖലാ കമ്പനിയെന്ന റെക്കോര്‍ഡ് ഇനി ആമസോണിന് സ്വന്തം. 

Share this story