മാർച്ചിൽ 22.5 ലക്ഷം പുതിയ വരിക്കാർ, ജിയോയെ ഞെട്ടിച്ച് എയർടെൽ

google news
airtel1

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാർച്ചിലെ റിപ്പോർട്ട് പുറത്തുവിട്ടു. മാർച്ചിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തത് എയർടെല്ലാണ്. ജിയോ എയർടെല്ലിന് തൊട്ടുപിന്നിൽ ആണ്. അതേസമയം വരിക്കാരെ നഷ്ടപ്പെട്ട ഏക സ്വകാര്യ ടെലികോം ഓപ്പറേറ്റർ വോഡഫോൺ ഐഡിയയും (വി) ആണ്. പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണവും കുറഞ്ഞു.

മാർച്ചിൽ എയർടെൽ 22.5 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേർത്തത്. എയർടെല്ലിന് പിന്നാലെ ജിയോയും 12.6 ലക്ഷം പുതിയ വരിക്കാരെ ചേർത്തു. വോഡഫോൺ ഐഡിയയ്ക്കും (വി) ബിഎസ്എൻഎലിനും മാർച്ചിൽ 28.1, 1.27 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തു.ട്രായിയുടെ പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം മാർച്ചിൽ ജിയോയ്ക്ക് 12.6 ലക്ഷം വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 40.39 കോടിയായി ഉയർന്നു. അതേസമയം, ജിയോയുടെ എതിരാളികളായ ഭാരതി എയർടെലിന് മാർച്ചിൽ 22.5 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്.

ഇതോടെ എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 36.03 കോടിയായി. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ 28.18 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വി യുടെ മൊത്തം വരിക്കാരുടെ എണ്ണം 26.07 കോടിയുമായി. ബി‌എസ്‌എൻ‌എലിന് മാർച്ചിൽ 1.27 ലക്ഷം വരിക്കാരെയാണ് നഷട്പ്പെട്ടത്. ഇതോടെ ബി‌എസ്‌എൻ‌എലിന്റെ മൊത്തം വരിക്കാർ 11.36 കോടിയുമായി.

മൊത്തം വയർലെസ് വരിക്കാർ മാർച്ച് അവസാനത്തോടെ 1,14.2 കോടിയായി ഉയർന്നു. പ്രതിമാസ വളർച്ചാ നിരക്ക് 0.05 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായി ഡേറ്റയിൽ പറയുന്നു. നഗരപ്രദേശങ്ങളിലെ സജീവ വയർലെസ് വരിക്കാരുടെ എണ്ണം ഫെബ്രുവരിയിലെ 64.77 കോടിയിൽ നിന്ന് മാർച്ച് അവസാനത്തിൽ 64.71 കോടിയായി താഴ്ന്നു. ഗ്രാമീണ മേഖലകളിൽ വയർലെസ് വരിക്കാർ ഫെബ്രുവരിയിലെ 51.82 കോടിയിൽ നിന്ന് മാർച്ചിൽ 51.98 കോടിയായി ഉയർന്നിട്ടുണ്ട്. നഗര, ഗ്രാമീണ വയർലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം –0.10 ശതമാനവും 0.30 ശതമാനവുമാണെന്ന് ട്രായി ഡേറ്റ കാണിക്കുന്നു.

മൊത്തം വയർലെസ് വരിക്കാരിൽ (1,142.09 ദശലക്ഷം) 1021.29 ദശലക്ഷം പേർ മാർച്ചിൽ പീക്ക് വിസിറ്റർ ലൊക്കേഷൻ റജിസ്റ്റർ (വിഎൽആർ) സമയത്ത് സജീവമായിരുന്നു. സജീവ വയർലെസ് വരിക്കാരുടെ അനുപാതം മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിന്റെ 89.42 ശതമാനമാണെന്നും ട്രായ് റിപ്പോർട്ടിൽ പറയുന്നു. ജിയോയുടെ മൊത്തം വരിക്കാരിൽ (40.39 കോടി) 37.89 കോടി പേർ മാത്രമാണ് വിഎൽആർ സമയത്ത് സജീവമായിരുന്നത്. എന്നാൽ, എയർടെലിന്റെ മൊത്തം വരിക്കാരിൽ (36.03 കോടി) 35.57 കോടി പേരും സജീവമായിരുന്നു.മാർച്ചിൽ 9.64 ദശലക്ഷം വരിക്കാർ മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (എംഎൻപി) അപേക്ഷ സമർപ്പിച്ചു. ഫെബ്രുവരിയിലെ 680.11 ദശലക്ഷത്തിൽ നിന്ന് മാർച്ചിൽ 689.79 ദശലക്ഷമായി വർധിച്ചു.

Tags